തിരുവനന്തപുരം: കൊവിഡ് ബാധിതയായി മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന കവയിത്രി സുഗതകുമാരിയുടെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. നൂറു ശതമാനം ഓക്‌സിജനും യന്ത്രസഹായത്തോടെ നൽകുന്നുവെങ്കിലും വളരെ കുറഞ്ഞ അളവിലാണ് ശ്വാസകോശം ഓക്‌സിജൻ സ്വീകരിക്കുന്നത്. ന്യുമോണിയ ശ്വാസകോശത്തെ സാരമായി ബാധിച്ചതാണ് ഓക്‌സിജൻ സ്വീകരിക്കുന്നത് കുറയാൻ കാരണം.
കാർഡിയോളജി, മെഡിക്കൽ, സാംക്രമിക രോഗവിഭാഗം, നെഫ്രോളജി, എൻഡോക്രൈനോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്‌ധ ഡോക്‌ടർമാർ അടങ്ങുന്ന സംഘത്തിൻ്റെ മേൽനോട്ടത്തിലാണ് ചികിത്സ നടക്കുന്നത്. കൊവിഡിനൊപ്പം ബ്രോങ്കോ ന്യുമോണിയയും ബാധിച്ചത് ഹൃദയം, വൃക്ക എന്നിവയുടെ പ്രവർത്തനം തകരാറിലാകാന്‍ കാരണമായി. ഇത് ആരോഗ്യസ്ഥിതി അതീവ ഗുരുതരമാകാന്‍ കാരണമായെന്ന് ആശുപത്രി സൂപ്രണ്ട് ഡോ എം എസ് ഷർമ്മദ് അറിയിച്ചു. സ്വകാര്യ ആശുപത്രിയിൽ വെൻ്റിലേറ്റർ സഹായത്തോടെ ചികിത്സയിലായിരുന്ന സുഗതകുമാരിയെ വിദഗ്‌ധ ചികിത്സയ്ക്കായി തിങ്കളാഴ ഉച്ചയോടെയാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.