തിരുവനന്തപുരം: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനിലെ സ്ഥിതി അതീവ ഗുരുതരമെന്ന് സുഡാനിൽ നിന്ന് മടങ്ങിയെത്തിയ തോമസ് വര്‍ഗീസ്. കേന്ദ്ര സര്‍ക്കാരിന്‍റെ സുഡാന്‍ രക്ഷാദൗത്യമായ ഓപ്പറേഷന്‍ കാവേരിയുടെ ഭാഗമായാണ് കൊല്ലം സ്വദേശിയായ തോമസ് വര്‍ഗീസും കുടുംബവും സുഡാനിൽ നിന്ന് തിരികെയെത്തിയത്.
സുഡാനില്‍ അതികഠിനമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്ന് തോമസ് വര്‍ഗീസ് പ്രതികരിച്ചു. അതിവേഗത്തിലുണ്ടായ ആഭ്യന്തര സംഘര്‍ഷമായതിനാല്‍ ഭക്ഷണത്തിനടക്കം വലിയ ബുദ്ധിമുട്ടുകളുണ്ടായി. ഒരു കണക്കിനാണ് രക്ഷപ്പെട്ടതെന്നും തോമസ് ആശ്വാസത്തോടെ പറയുന്നു.
സുഡാന്‍റെ തലസ്ഥാനമായ ഖാര്‍ത്തൂമിലാണ് തോമസ് വര്‍ഗീസും കുടുംബവും താമസിച്ചിരുന്നത്. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതും ഈ മേഖലയിലായിരുന്നു. അവിടെ നിന്നും സുഡാനികളുടെ സഹായത്തോടെയാണ് 15 മണിക്കൂര്‍ സഞ്ചരിച്ച് പോര്‍ട്ട് സുഡാനിലെത്തിയത്. ബസിലായിരുന്നു ഇത്രയും മണിക്കൂറിനടുത്തുള്ള യാത്ര.
പ്രദേശികമായ സഹായമില്ലായിരുന്നെങ്കില്‍ രക്ഷപ്പെടാന്‍ കഴിയില്ലായിരുന്നുവെന്നും തോമസ് പറയുന്നു. വെടിനിര്‍ത്തലെന്ന് പറയുന്നുണ്ടെങ്കിലും ഒന്നും അവസാനിച്ചിട്ടില്ല. സംഘര്‍ഷം തുടങ്ങിയ ആദ്യ ദിവസം മുതല്‍ തന്നെ വെള്ളവും വൈദ്യുതിയും ലഭ്യമായിരുന്നില്ല. ഈ സാഹചര്യത്തില്‍ വേഗത്തില്‍ രക്ഷപ്പെടുക എന്നതായിരുന്നു ചിന്ത.
ഇപ്പോള്‍ നാട്ടിലെത്തിയപ്പോള്‍ ആശ്വാസം തോന്നുന്നതായും തോമസ് പറഞ്ഞു. സുഡാനിലെ സ്വകാര്യ കമ്പനിയിലായിരുന്നു തോമസ് വര്‍ഗീസ് ജോലി ചെയ്‌തിരുന്നത്. ഭാര്യ ഷീലാമ്മ തോമസ് നഴ്‌സായി ജോലി ചെയ്യുകയായിരുന്നു. മകള്‍ ഷെറിന്‍ തോമസ് വിദ്യാര്‍ഥിയുമായിരുന്നു. സുഡാനിലെ വിവിധ ഇടങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പോര്‍ട്ട് സുഡാനിലെ ഒരു സ്‌കൂളില്‍ കേന്ദ്ര സര്‍ക്കാര്‍ ക്യാമ്പ് ഒരുക്കിയിട്ടുണ്ട്.
അവിടെ നിന്നും കപ്പലില്‍ ജിദ്ദയിലെത്തിച്ച ശേഷമാണ് ഇന്ത്യയിലേക്ക് എത്തിക്കുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തിയ ആദ്യ സംഘത്തിലായിരുന്നു തോമസ് വര്‍ഗീസും കുടുംബവും എത്തിയത്. അവിടെ നിന്നും സംസ്ഥാന സര്‍ക്കാര്‍ ഇവരെ തിരുവനന്തപുരത്ത് എത്തിക്കുകയായിരുന്നു.
670 പേരെ ഒഴിപ്പിച്ചതായി കേന്ദ്ര സർക്കാർ: ഓപ്പറേഷൻ കാവേരിയുടെ ഭാഗമായി 670 ഇന്ത്യക്കാരെ ഇതിനകം സുഡാനിൽ നിന്ന് ഒഴിപ്പിച്ചതായി കേന്ദ്ര സർക്കാർ അറിയിച്ചു. ഇന്നലെ മൂന്ന് വിമാനങ്ങളിലായി പോർട്ട് സുഡാനിൽ നിന്ന് 392 ഇന്ത്യക്കാരെ ഇന്ത്യൻ വ്യോമസേനയുടെ സി -130 ജെ സൈനിക വിമാനം ജിദ്ദയിലെത്തിച്ചിരുന്നു.
ആദ്യ സി -130 ജെ വിമാനം 121 യാത്രക്കാരെ ജിദ്ദയിലേക്ക് കൊണ്ടുവന്നു. 135 യാത്രക്കാരുമായാണ് രണ്ടാമത്തെ സി - 130 വിമാനം സുഡാനിൽ നിന്ന് ജിദ്ദയിലെത്തിയത്. നേരത്തെ ഇന്ത്യൻ നാവിക സേനയുടെ കപ്പലായ ഐഎൻഎസ് സുമേധ 278 പൗരന്മാരെ രക്ഷപ്പെടുത്തിയിരുന്നു. ഇന്ത്യക്കാരുടെ നാലാമത്തെ ബാച്ചിൽ 136 യാത്രക്കാരുമായി ഐഎഎഫ് ലി - 130 ജെ എന്ന വിമാനത്തിൽ സുഡാനിൽ നിന്ന് ജിദ്ദയിലേക്ക് ഉടൻ തിരിക്കുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്.
തീവ്രമായ ചർച്ചകൾക്കൊടുവിലാണ് സുഡാൻ സൈന്യവും ആർഎസ്എഫും തമ്മിൽ 72 മണിക്കൂർ വെടിനിർത്തൽ ധാരണയായത്. ഇതോടെയാണ് സുഡാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഇന്ത്യ ശക്തമാക്കിയത്. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് സൗദി അറേബ്യൻ നഗരമായ ജിദ്ദയിൽ നിന്ന് ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്ന ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത്.
ALSO READ: ഓപ്പറേഷൻ കാവേരി: സുഡാനിൽ നിന്ന് 670 ഇന്ത്യക്കാരെ ഒഴിപ്പിച്ചെന്ന് വിദേശകാര്യ മന്ത്രാലയം