തിരുവനന്തപുരം: ശ്രീകാര്യം ഗവ. എൻജിനീയറിങ് കോളജ് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് രണ്ട് വിദ്യാർഥികൾക്ക് പരിക്ക്. എംബിഎ വിദ്യാർഥികളായ അപർണ (22), സുദേവ് (22) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്‌ച (ഫെബ്രുവരി 20) രാത്രി ഏഴുമണിയോടെ ഇലക്ടോണിക്‌സ് ഡിപ്പാർട്ട്മെന്‍റിന്‍റെ നിർമാണത്തിലിരുന്ന കെട്ടിടത്തിനുള്ളിലാണ് അപകടം. അപർണയ്‌ക്ക് വാരിയെല്ലിനും സുദേവിന് മുഖത്തുമാണ് പരിക്ക്. ഇവരുടെ നില ഗുരുതരമല്ല. കെട്ടിടത്തില്‍ ലിഫ്റ്റ് നിര്‍മിക്കാനിരിക്കുന്ന ഭാഗത്തുകൂടിയാണ് വിദ്യാർഥികൾ താഴെ വീണതെന്നാണ് പ്രാഥമിക നിഗമനം. വലിയ ശബ്‌ദവും നിലവിളിയും കേട്ട് മറ്റ് വിദ്യാർഥികള്‍ ഓടി എത്തിയപ്പോഴാണ് അപകടം സംഭവിച്ചത് അറിഞ്ഞത്. ഉടൻ തന്നെ ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു.
കഴിഞ്ഞ ആഴ്‌ച മുതൽ, വിദ്യാർഥികൾക്ക് രാത്രിയും കാമ്പസിൽ പഠനത്തിനായി സമയം ചെലവഴിക്കാം എന്ന ഉത്തരവ് വന്നിരുന്നു. പിന്നാലെ വിദ്യാർഥികൾ കാമ്പസിൽ രാത്രി നിൽക്കാറുണ്ട്. ഏക്കർ കണക്കിന് പരന്നുകിടക്കുന്ന കാമ്പസിൽ, വിദ്യാർഥികൾ സഞ്ചരിക്കുന്ന പലയിടത്തും മതിയായ ലൈറ്റ് സംവിധാനങ്ങൾ ഇല്ല. ഇതായിരിക്കാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.