തിരുവനന്തപുരം : പൊടിപാറിയ ചർച്ചയാണ് നിയമസഭയ്ക്കകത്ത്. വെല്ലുവിളികളും പഴിചാരലുകളും മുറയ്‌ക്ക് നടക്കുന്നുണ്ട്. നിയമസഭ പുസ്‌തകോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച മാതൃക നിയമസഭയിലാണ് തിരുവനന്തപുരം ജില്ലയിലെ 54 സ്‌കൂളുകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 140 വിദ്യാർത്ഥികൾ ഭരണ പ്രതിപക്ഷ അംഗങ്ങളായി ചോദ്യങ്ങളും ഉപചോദ്യങ്ങളും ഉയർത്തി സഭയെ ആവേശത്തിലും കൗതുകത്തിലുമാക്കിയത് (Students Model Assembly).
മുഖ്യമന്ത്രിയായി വെഞ്ഞാറമൂട് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ഗൗരി പ്രിയയും പ്രതിപക്ഷ നേതാവായ പട്ടം സെന്‍റ് മേരീസ് വിദ്യാർത്ഥി ശിൽപ്പയും പരസ്‌പരം വാഗ്വാദങ്ങൾ ഉയർത്തിയപ്പോൾ സഭാധ്യക്ഷനായ നാലാഞ്ചിറ സെന്‍റ് ജോൺസ് മോഡലിലെ വിദ്യാർത്ഥി സനൂജ് സഭയെ കൃത്യമായി നിയന്ത്രിച്ചു.
ലഹരി ഉപയോഗം വർധിക്കുന്നതും കുട്ടികളുടെ മൊബൈൽ ഉപയോഗം സംബന്ധിച്ചുമാണ് ആദ്യ ചർച്ച. പിന്നെ കാലാവസ്ഥ വ്യതിയാനവും ആവശ്യ സാധനങ്ങളുടെ വില വർധനയും. സപ്ലൈക്കോയിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് കൊടുത്തെങ്കിലും സ്‌പീക്കർ പ്രമേയം തള്ളി.
പിന്നാലെ ചട്ടം 130 അനുസരിച്ച് പ്രമേയാവതരണവും മുഖ്യമന്ത്രിയുടെ പ്രസംഗവും. സഭ നടപടികൾ വീക്ഷിക്കാൻ നിയമസഭയുടെ നാഥൻ എഎൻ ഷംസീറും ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാറും എത്തിയിരുന്നു. അതേസമയം വിദ്യാർത്ഥികളുടെ പ്രകടനം അസ്വദിച്ച് രക്ഷിതാക്കളും ഗാലറിയിലുമുണ്ടായിരുന്നു.