തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവ് നായകള്‍ക്കുള്ള വാക്‌സിന്‍ യജ്ഞം ആരംഭിച്ചു. ഇന്ന് (സെപ്‌റ്റംബര്‍ 20) മുതല്‍ ഒക്‌ടോബര്‍ 20 വരെയാണ് വാക്‌സിനേഷന്‍. സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് തെരുവ് നായകളെ പിടികൂടി വാക്‌സിനേഷന്‍ ചെയ്യുക.
വാക്‌സിനേഷനായി പഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചെങ്കിലും പലയിടത്തും കുത്തിവയ്‌പ്പ് തുടങ്ങാനായിട്ടില്ല. രണ്ട് ദിവസത്തിനുള്ളില്‍ കുത്തിവയ്‌പ്പ് പൂര്‍ണമായും തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. തെരുവ് നായകളെ കണ്ടെത്തി പിടികൂടുന്നതിന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് വാഹനം വാടകയ്‌ക്കെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് ഇതുവരെ 21 പേരാണ് തെരുവ് നായ ആക്രമണത്തില്‍ മരിച്ചത്. ഇവരില്‍ നാല് പേര്‍ വാക്‌സിനെടുത്തവരാണെന്നത് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തിയിലാക്കി. ഇത്തരം സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാനത്തെ തെരുവ് നായകളെ പിടികൂടി വ്യാപകമായി കുത്തിവയ്‌പ്പ് നടത്താന്‍ തദ്ദേശ, ആരോഗ്യ, മൃഗസംരക്ഷണ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉന്നത തല യോഗം തീരുമാനിച്ചത്.
കുത്തിവയ്‌പ്പിന് പുറമെ തെരുവ് നായകളെ വന്ധ്യംകരിക്കുന്നതിനുള്ള എ.ബി.സി പദ്ധതിയും നടപ്പാക്കും. എ.ബി.സി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീ പ്രവര്‍ത്തകരെ അനുവദിക്കണമെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. തെരുവ് നായ ആക്രമണം വര്‍ധിച്ച സാഹചര്യത്തില്‍ ഇതിന് അനുമതി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷ. വാക്‌സിനേഷനും എ.ബി.സി പദ്ധതിക്കും വെറ്റിനറി സര്‍വ്വകലാശാലയുടെ സഹകരണവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്.
also read: വീട്ടില്‍ ഉറങ്ങിക്കിടന്ന 12കാരൻ ഉള്‍പ്പെടെ കോട്ടയത്ത് തെരുവുനായ കടിച്ചത് ഏഴ് പേരെ