തിരുവനന്തപുരം: സംസ്ഥാനത്ത് തെരുവുനായ ആക്രമണം രൂക്ഷമായതോടെയാണ് സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് തീവ്ര വാക്‌സിനേഷന്‍ യജ്ഞം ആരംഭിച്ചത്. സെപ്‌റ്റംബര്‍ 20 മുതല്‍ ഒക്‌ടോബര്‍ 20 വരെയായിരുന്നു വാക്‌സിനേഷന്‍ യജ്ഞം പ്രഖ്യാപിച്ചത്. എന്നാല്‍ ഈ വാക്‌സിനേഷന്‍ യജ്ഞം പ്രഖ്യാപനമായി മാത്രമായി ഒതുങ്ങിയിരിക്കുകയാണ്. അതേസമയം വാക്‌സിനേഷന്‍ യജ്ഞം ഇഴഞ്ഞു നീങ്ങുമ്പോള്‍ നായകള്‍ പാഞ്ഞുനടന്ന് ആക്രമണം തുടരുകയാണ്. ഇന്നലെ(ഒക്‌ടോബര്‍ 7) വരെയുളള കണക്കനുസരിച്ച് 4612 തെരുവ് നായകള്‍ക്ക് മാത്രമാണ് വാക്‌സിനേഷന്‍ നല്‍കിയിരിക്കുന്നത്.
'ചടങ്ങ്' തീരാന്‍ ഇനി 12 ദിവസം മാത്രം: ഒരു മാസം നീളുന്ന വാക്‌സിനേഷന്‍ യജ്ഞമാണ് മൃഗസംരക്ഷണ വകുപ്പ് പ്രഖ്യാപിച്ചത്. തദ്ദേശ സ്വയംഭരണ വകുപ്പ്, ആരോഗ്യ വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകള്‍ ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്താനായിരുന്നു തീരുമാനം. ഒക്‌ടോബര്‍ 20ന് അവസാനിക്കുന്ന വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ കാലാവധി അവസാനിക്കാന്‍ 12 ദിവസം മാത്രം ശേഷിക്കേ സംസ്ഥാനത്തെ തെരുവ് നായകളില്‍ രണ്ട് ശതമാനത്തിന് പോലും വാക്‌സിനേഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ല.
മൂന്ന് ലക്ഷം തെരുവ് നായകളുണ്ടെന്നാണ് സംസ്ഥാന സര്‍ക്കാറിന്‍റെ കണക്ക്. ഇത് 2019ലെ കണക്കാണ്. ലോക്‌ഡൗണ്‍ അടക്കമുള്ള സാഹചര്യം പരിഗണിച്ചാല്‍ തെരുവ് നായകളുടെ എണ്ണത്തില്‍ 50 ശതമാനം വര്‍ധനവെങ്കിലും കൂടുതല്‍ പ്രതീക്ഷിക്കാം. അങ്ങനെയെങ്കില്‍ തെരുവ് നായകളുടെ വാക്‌സിനേഷന്‍ ഒരു ശതമാനത്തില്‍ താഴെയാകും. നിലവിലെ കാലാവധിയില്‍ വാക്‌സിനേഷന്‍ യജ്ഞത്തിലൂടെ പ്രതീക്ഷിച്ചതൊന്നും നടക്കില്ലെന്ന് ഉറപ്പാണ്.
മുന്നില്‍ ആലപ്പുഴ, പിന്നില്‍ വയനാട്: തെരുവ് നായകളുടെ വാക്‌സിനേഷന്‍ യജ്ഞത്തില്‍ ഏറ്റവും മുന്നിലുള്ളത് ആലപ്പുഴ ജില്ലയാണ്. ഇവിടെ 1027 തെരുവ് നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി കഴിഞ്ഞു. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ് വാക്‌സിനേഷന്‍ നടന്നത്. ഇവിടെ ഒരു തെരുവുനായക്ക് മാത്രമാണ് വാക്‌സിനേഷന്‍ നല്‍കിയത്.
തെരുവ് നായ്‌ക്കള്‍ക്ക് വാക്‌സിന്‍ നല്‍കിയ കണക്ക് (ജില്ല തിരിച്ച്)
തിരുവനന്തപുരം | 948 |
കൊല്ലം | 439 |
പത്തനംതിട്ട | 121 |
ആലപ്പുഴ | 1027 |
കോട്ടയം | 818 |
ഇടുക്കി | 5 |
എറണാകുളം | 82 |
തൃശൂര്‍ | 501 |
പാലക്കാട് | 454 |
മലപ്പുറം | 101 |
കോഴിക്കോട് | 16 |
വയനാട് | 1 |
കണ്ണൂര്‍ | 85 |
കാസര്‍കോട് | 14 |
ആകെ | 4612 |
വാക്‌സിനേഷന്‍ ഭൂരിഭാഗവും നടന്നത് വളര്‍ത്തു നായകളില്‍: സംസ്ഥാനത്ത് രണ്ട് തരത്തിലാണ് നായകള്‍ക്ക് വാക്‌സിനേഷന്‍ നടക്കുന്നത്. വളര്‍ത്തു നായകളിലെ വാക്‌സിനേഷനും മറ്റൊന്ന് തെരുവ് നായകളിലെ വാക്‌സിനേഷനും. 2,41,756 വളര്‍ത്തു നായകള്‍ക്ക് ഈ കാലയളവില്‍ വാക്‌സിനേഷന്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും ഇത്തരത്തിലുള്ള വാക്‌സിനേഷന്‍ നല്ല രീതിയില്‍ പുരോഗിക്കുകയാണെന്ന് പറയാം. റാബിസ് ഫ്രീ കേരള വാക്‌സിനേഷന്‍ കാമ്പയിന്‍റെ ഭാഗമായി 2,19,875 വളര്‍ത്തു നായകള്‍ക്കും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് 21,484 വളര്‍ത്തു നായകള്‍ക്കും വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
ജില്ലാടിസ്ഥാനത്തില്‍ വളര്‍ത്തു നായകള്‍ക്ക് വാക്‌സിന്‍ നല്‍കിയ കണക്ക്
തിരുവനന്തപുരം | 35636 |
കൊല്ലം | 32788 |
പത്തനംതിട്ട | 35302 |
ആലപ്പുഴ | 21116 |
കോട്ടയം | 14840 |
ഇടുക്കി | 3280 |
എറണാകുളം | 26792 |
തൃശൂര്‍ | 17366 |
പാലക്കാട് | 14984 |
മലപ്പുറം | 6217 |
കോഴിക്കോട് | 7697 |
വയനാട് | 4741 |
കണ്ണൂര്‍ | 6947 |
കാസര്‍കോട് | 10403 |
ആകെ | 2,41,756 |
'നായപിടിത്തക്കാരെ' കിട്ടാനില്ല: തെരുവ് നായകളുടെ വാക്‌സിനേഷന് വെല്ലുവിളികള്‍ ഏറെയാണ്. ഇതില്‍ പ്രധാനം പട്ടി പിടിത്തക്കാരില്ല എന്നതുതന്നെയാണ്. നേരത്തെ തദ്ദേശസ്ഥാപനങ്ങളില്‍ വന്ധ്യംകരണ പരിപാടികള്‍ നടന്നിരുന്ന സമയത്ത് നായകളെ പിടിക്കുന്നവരുണ്ടായിരുന്നു. എന്നാല്‍ ഇത് മുടങ്ങിയതോടെ ഇവരില്‍ പലരും മറ്റ് ജോലികളിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ ഇതിനായി പുതിയ ആളുകളെ കണ്ടെത്തി പരിശീലനം നല്‍കി വരികയാണ്. പരിശീലനത്തിനൊപ്പം ഇവര്‍ക്ക് വാക്‌സിനേഷന്‍ കൂടി നല്‍കേണ്ടതുമുണ്ട്. ഇത്തരത്തില്‍ വാക്‌സിനേഷന്‍ കഴിഞ്ഞ് 14 ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ ഇവരെ നായകളെ പിടിക്കാനായി നിയോഗിക്കാന്‍ കഴിയുകയൂള്ളൂ.
എന്നാല്‍ ഇക്കാര്യം മുന്‍കൂട്ടി കാണുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പൂര്‍ണമായി പരാജയപ്പെട്ടു എന്നതാണ് നിലവില്‍ വാക്‌സിനേഷന്‍ യജ്ഞം നേരിടുന്ന പ്രധാന വെല്ലുവിളി. നിലവിലെ സാഹചര്യത്തില്‍ വാക്‌സിനേഷന്‍ യജ്ഞത്തിന്‍റെ കാലാവധി നീട്ടി ലക്ഷ്യത്തിന്‍റെ ചെറിയൊരു ശതമാനമെങ്കിലും പൂര്‍ത്തീകരിക്കുക മാത്രമാണ് സര്‍ക്കാരിനു മുന്നിലുള്ള വഴി.