തിരുവനന്തപുരം: തെരുവുനായ പ്രശ്‌നത്തില്‍ അടിയന്തര യോഗം വിളിച്ച് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് (MB Rajesh). ഇന്ന് വൈകുന്നേരം അഞ്ച് മണിക്കാണ് യോഗം. പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ പ്രസിഡന്‍റുമാരുടെ അസോസിയേഷന്‍ മേയേഴ്‌സ് കൗണ്‍സില്‍ പ്രതിനിധികള്‍ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, മൃഗ സംരക്ഷണ വകുപ്പ് ഡയറക്‌ടര്‍ എന്നിവരുടെ യോഗമാണ് വിളിച്ചത്.
യോഗത്തില്‍ സംസ്ഥാനത്തെ തെരുവുനായ പ്രശ്‌നം നേരിടാന്‍ വേണ്ടി മുന്‍ കാലങ്ങളില്‍ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. കൂടാതെ, അടിയന്തരമായി നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കും യോഗത്തില്‍ രൂപം നല്‍കും. നിലവില്‍ മന്ത്രി മലപ്പുറത്തായതിനാല്‍ ഓണ്‍ലൈനായാകും യോഗം ചേരുക.
ജൂണ്‍ 11-ന് കണ്ണൂര്‍ മുഴുപ്പിലങ്ങാട് ഭിന്നശേഷിക്കാരനായ 11 വയസുകാരനായ നിഹാല്‍ നൗഷാദ് (Nihal Noushad) തെരുവ് നായകളുടെ കൂട്ടമായ ആക്രമണത്തില്‍ മരിച്ച സംഭവത്തോടെയാണ് സംസ്ഥാനത്ത് ഈ വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്. തെരുവ് നായ പ്രശ്‌നം നേരിടാനായി വന്ധ്യകരണ പ്രവര്‍ത്തനങ്ങള്‍ അടക്കം നടത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഫണ്ടില്ലെന്ന ആക്ഷേപവും വ്യാപകമായി ഉയര്‍ന്നിരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേരുന്നത്. സംഭവം സര്‍ക്കാരിനെതിരായ രൂക്ഷ വിമര്‍ശനത്തിന് ആയുധമാക്കി പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
നിഹാല്‍ നൗഷാദിന്‍റെ മരണത്തിന്‍റെ ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ (VD Satheeshan) ആരോപിച്ചിരുന്നു. വിഷയം 2022 ഓഗസ്റ്റ് 30 ന് അടിയന്തര പ്രമേയമായി നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍, നടപടികള്‍ എടുക്കുന്നതിന് പകരം ഉത്തരവാദിത്തപ്പെട്ട മന്ത്രിമാരടക്കം പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് ചെയ്‌തത്. തെരുവുനായ്‌ക്കളുടെ നിയന്ത്രണം സംബന്ധിച്ച് നിയമസഭയിലും പുറത്തും സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകളൊന്നും പാലിക്കപ്പെട്ടില്ല.
ഈ വിഷയത്തില്‍ ശാശ്വത പരിഹാരം കണ്ടെത്താനും സര്‍ക്കാരിന് സാധിച്ചില്ല. അതിന്‍റെ പരിണിതഫലമാണ് നിഹാല്‍ നൗഷാദിന്‍റെ മരണത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.
അതേസമയം, തെരുവുനായ പ്രശ്‌നത്തെ നേരിടാന്‍ കേന്ദ്ര നിയമങ്ങള്‍ തടസം ആകുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസം തദ്ദേശസ്വയംഭരണ വകുപ്പ് പുറത്തിറക്കിയ പത്ര പ്രസ്‌താവനയിലൂടെ അറിയിച്ചത്. തെരുവ് നായകളെ ഉപാധികളോടെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് അറിയിച്ചിരുന്നു. പേവിഷബാധയുള്ള തെരുവ് നായക്കളെ കൊല്ലാന്‍ വ്യവസ്ഥകളോടെ അനുവാദം നല്‍കണമെന്ന് സംസ്ഥാനം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടപ്പോള്‍ ആവശ്യം നിരാകരിക്കുക മാത്രമല്ല കേരളത്തിനെതിരെ വലിയ തോതിലുള്ള ക്യാമ്പയിന്‍ ദേശീയ തലത്തില്‍ നടന്നിരുന്നുവെന്നും തദ്ദേശസ്വയംഭരണ വകുപ്പ് വ്യക്തമാക്കിയിരുന്നു.
തെരുവുനായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക പരിക്ക്: കാസര്‍കോട് തെരുവുനായ ആക്രമണത്തില്‍ രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റു. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന പെര്‍ള കുതുവയിലെ രണ്ടര വയസുകാരി മറിയം താലിയയ്‌ക്കും ബദിയഡുക്ക ഉക്കിനടുക്കയിലെ ഏഴ് വയസുകാരി ഐസ ഫാത്തിമ എന്ന കുട്ടിയേയുമാണ് ഇന്നലെ (ജൂണ്‍ 12) തെരുവുനായ ആക്രമിച്ചത്.
കുട്ടികളുടെ കാലിനും അരയ്‌ക്കും പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരെയും ഒരേ നായയാണ് കടിച്ചതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. നായയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടികളെ പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ ശേഷം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് പേവിഷബാധ പ്രതിരോധക്കുത്തിവയ്‌പ്പ് നല്‍കി.
More Read : Stray Dog Attack| കാസർകോട് തെരുവുനായയുടെ ആക്രമണത്തില്‍ 2 കുട്ടികൾക്ക് പരിക്ക്