തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് പ്രതിപക്ഷ സംഘടനകൾ നടത്തുന്ന സമരം ശക്തമാകുന്നു. ഇന്ന് രാവിലെ കൊച്ചിയിലെ എൻഐഎ ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായ ജലീലിനെതിരെ ശക്തമായ പ്രതിഷേധമാണ് യൂത്ത് കോൺഗ്രസും യുവമോർച്ചയും നടത്തിയത്. കൊച്ചിയില്‍ തുടങ്ങിയ പ്രതിഷേധം മറ്റ് ജില്ലകളിലേക്കും വ്യാപിക്കുകയായിരുന്നു. കൊച്ചിയില്‍ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പലയിടത്തും പൊലീസും പ്രതിപക്ഷ സംഘടനാ പ്രവർത്തകരും ഏറ്റുമുട്ടി. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചവർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.
സംഘർഷം രൂക്ഷമായ ജില്ലകളില്‍ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. അതിനിടെ, സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരത്ത് എകെജി സെന്‍ററിലും കൊച്ചി എൻഐഎ ആസ്ഥാനത്തും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്ക് ബിജെപി പ്രവർത്തകർ മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മാർച്ചിലും സംഘർഷമുണ്ടായി. കൊല്ലത്ത് കെഎസ്‌യു മാർച്ചില്‍ പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. കോട്ടയം, തൃശൂർ, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ യുവമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിലും സംഘർഷമുണ്ടായി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട്ട് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച് അക്രമാസക്തമായി. പൊലീസ് ലാത്തിച്ചാർജില്‍ വിടി ബല്‍റാം എംഎല്‍എ അടക്കമുള്ളവർക്ക് പരിക്കേറ്റു. സംഘർഷം പലയിടത്തും തെരുവു യുദ്ധമായി മാറിയിരുന്നു.