തിരുവനന്തപുരം: മന്ത്രി കെടി ജലീലിന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഏഴാം ദിനവും പ്രതിഷേധ പരമ്പര. കോട്ടയത്ത് യൂത്ത് കോൺഗ്രസ്, കേരള കോൺഗ്രസ് ജോസഫ് വിഭാഗം, യുവമോർച്ച എന്നിവർ നടത്തിയ മാർച്ച് അക്രമാസക്തമായി. നിരവധി പ്രവർത്തകർക്ക് ലാത്തിചാർജില്‍ പരിക്കേറ്റു. മലപ്പുറത്ത് രാവിലെ യൂത്ത് ലീഗ് പ്രവർത്തകർ കോഴിക്കോട് - പാലക്കാട് ദേശീയ പാത ഉപരോധിച്ചു. പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തുടർന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തില്‍ കലാശിച്ചു.
തിരുവനന്തപുരത്ത് വിവിധ സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. ബിജെപിയുടെ നേതൃത്വത്തില്‍ നടന്ന മാർച്ചില്‍ നേരിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. കാസർകോട്ട് നടന്ന യുവമോർച്ച മാർച്ചും സംഘർഷത്തിൽ കലാശിച്ചു. മിക്കയിടത്തും ലാത്തിചാർജില്‍ നിരവധി പേർക്ക് പരിക്കേറ്റു.