തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഹെലിക്കോപ്റ്റര്‍ വാടകയ്ക്ക് എടുക്കുന്നു. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇതുസംബന്ധിച്ച് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ഹെലിക്കോപ്‌റ്ററിന്‍റെ സേവന കാലാവധി അവസാനിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും വാടകയ്ക്ക് എടുക്കാൻ തീരുമാനമായത്.
മത്സരാധിഷ്‌ഠിത ലേലത്തിലൂടെ വെറ്റ് ലീസ് വ്യവസ്ഥയില്‍ പുതിയ കമ്പനിയുമായി കരാറില്‍ ഏര്‍പ്പെടാനാണ് ധാരണ. മുഖ്യമന്ത്രി അടക്കമുള്ളവരുടെ സഞ്ചാരത്തിനും മെഡിക്കല്‍ ആവശ്യത്തിനുമായാണ് സംസ്ഥാന സര്‍ക്കാര്‍ ഹെലിക്കോപ്‌റ്റര്‍ വാടകയ്‌ക്കെടുത്തിരുന്നത്.
പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസത്തെ യാത്ര ഹെലിക്കോപ്റ്ററിലാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ കമ്പനിയുമായി കരാറില്‍ ഒപ്പിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ജനുവരിയില്‍ ചിപ്‌സന്‍ ഏവിയേഷനുമായി സര്‍ക്കാര്‍ കരാറിലേര്‍പ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം പ്രാബല്യത്തില്‍ വന്നിരുന്നില്ല.
ഇതുകൂടാതെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്യാനായി രൂപീകരിച്ച കമ്പനിയ്ക്ക് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിന് 6000 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കാനാണ് തീരുമാനം.
4200 കോടി രൂപ, 12.01.2023 വരെ കമ്പനി പുതുതായി എടുത്തതോ പുതുക്കിയതോ ആയ വായ്‌പകള്‍ക്കാണ് ഗ്യാരണ്ടി നല്‍കുക. ബാക്കിയുള്ള 1800 കോടി രൂപ കമ്പനി പുതുതായി ലഭ്യമാക്കുന്നതോ, പുതുക്കുന്നതോ ആയ വായ്‌പകള്‍ക്കുള്ള ബ്ലാങ്കറ്റ് ഗ്യാരണ്ടിയുമായാണ് അനുവദിച്ചിരിക്കുന്നത്.
മറ്റ് മന്ത്രിസഭാതീരുമാനങ്ങള്‍
തസ്‌തിക : നിലമ്പൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതിയില്‍ നിലവില്‍ അനുവദിച്ച എട്ട് തസ്‌തികകള്‍ക്ക് പുറമെ ഒരു ജൂനിയര്‍ സൂപ്രണ്ട് തസ്‌തിക കൂടി സൃഷ്‌ടിക്കുന്നതിന് ഭരണാനുമതി നല്‍കി.
പുനര്‍നാമകരണം : കെ- ഫോണ്‍ ലിമിറ്റഡിലെ എക്‌സിക്യുട്ടീവ് ഡയറക്‌ടര്‍ തസ്‌തിക ചീഫ് ടെക്‌നോളജി ഓഫിസര്‍ (സി.ടി.ഒ) എന്ന് പുനര്‍നാമകരണം ചെയ്യാന്‍ തീരുമാനിച്ചു.
പുനര്‍നിയമനം : കേരള ലോകായുക്തയിലെ സ്‌പെഷ്യല്‍ ഗവ.പ്ലീഡറായ പാതിരിപ്പള്ളി എസ്. കൃഷ്‌ണകുമാരിയുടെ സേവന കാലം അവസാനിക്കുന്ന മുറയ്ക്ക് 29.04.2023 മുതല്‍ മൂന്ന് വര്‍ഷത്തേക്ക് കൂടി പുനര്‍നിയമനം നല്‍കും.