തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശ പ്രകാരം കസ്‌റ്റംസിന് അപേക്ഷ നല്‍കി. ചരിത്രത്തിലാദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ വിവരാവകാശ നിയമപ്രകാരം കേന്ദ്ര ഏജന്‍സിയോട് ഔദ്യോഗികമായി വിവരങ്ങള്‍ ആവശ്യപ്പെടുന്നത്.
യു.എ.ഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം ഇറക്കുമതി ചെയ്‌തതുമായി ബന്ധപ്പെട്ട് വിവാദം ഉണ്ടായതിന്‍റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് അസാധാരണ നടപടിയുണ്ടായിരിക്കുന്നത്. ആറ് ചോദ്യങ്ങളാണ് സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. യു.എ.ഇ കോണ്‍സുലേറ്റ് വഴി ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ഡ്യൂട്ടി അടയ്ക്കാനുള്ള ബാധ്യത ആര്‍ക്കാണ് എന്നതാണ് വിവിരാകാശ നിയമ പ്രകാരം നല്‍കിയിരിക്കുന്ന അപേക്ഷയിലെ പ്രധാന ചോദ്യം. ഈന്തപഴം ഇറക്കുമതിയില്‍ കസ്‌റ്റംസ് സ്വീകരിച്ച നടപടിയെ കുറിച്ചും കസ്‌റ്റംസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ കസ്‌റ്റം ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് രണ്ട് വര്‍ഷത്തിനിടെ രജിസ്‌റ്റർ ചെയ്ത കേസുകളുടെ എണ്ണം, ഇത്തരം കേസുകളില്‍ എത്രപര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട് എന്നിങ്ങനെയുള്ള വിവരങ്ങളും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവരാവകാശ അപേക്ഷയില്‍ സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്ന ചോദ്യങ്ങള്‍ ഇവയാണ്.
1. കസ്‌റ്റംസ് ഡ്യൂട്ടി വെട്ടിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ എത്ര കേസുകളിലാണ് നിയമവ്യവഹാരം ആരംഭിച്ചിട്ടുള്ളത്?
2. വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രോട്ടോകോള്‍ ഹാന്‍ഡ്ബുക്ക് അനുവദിക്കുന്ന പ്രകാരം എക്‌സെംഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ള വസ്തുക്കള്‍ ആ എക്‌സെംഷന് അനുസൃതമായി ഉപയോഗിക്കപ്പെടുന്നു എന്നുറപ്പുവരുത്താനുള്ള എന്തു നടപടിക്രമങ്ങളാണ് കസ്‌റ്റംസിനുള്ളത്?
3. എംബസികള്‍/ കോണ്‍സുലേറ്റുകള്‍ എന്നിങ്ങനെയുള്ള നയതന്ത്ര ഓഫീസുകളുടെ ഉപയോഗത്തിനായി കസ്‌റ്റംസ് ഡ്യൂട്ടി ഒഴിവാക്കിക്കൊടുക്കാന്‍ ഉത്തരവാദപ്പെട്ട വ്യക്തി ആരാണ്?
4. 09.05.2017ല്‍ ബില്‍ ഓഫ് എന്‍ട്രി നമ്പര്‍ 9624365 പ്രകാരം തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയ്ത ഈന്തപ്പഴം അനുവദനീയമല്ലാത്ത കാര്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് ഡ്യൂട്ടി അടയ്ക്കാന്‍ ബാധ്യസ്ഥനായ ഇറക്കുമതിക്കാരന്‍ ആരാണ്?
5. മേല്‍പറഞ്ഞ ബില്ലില്‍ ഇറക്കുമതി ചെയ്ത വസ്തുക്കളുടെ കാര്യത്തില്‍ എന്തെങ്കിലും കസ്‌റ്റംസ് നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടോ?
6. മേല്‍പറഞ്ഞ ബില്ലിലെ ഈന്തപ്പഴത്തിന്‍റെ ഇറക്കുമതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്‍റെ ഭാഗമായി കസ്‌റ്റംസ് ആക്ട് 1962ലെ സെക്ഷന്‍ 108 പ്രകാരം എത്ര പേര്‍ക്ക് സമന്‍സ് അയച്ചിട്ടുണ്ട്? അവരുടെ പേരും തസ്തികയും അവര്‍ ഏതു സംഘടനയുമായി ബന്ധപ്പെട്ടവരാണെന്നുമുള്ള വിവരങ്ങള്‍ ലഭ്യമാക്കണം.
സംസ്ഥാന സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സ്‌റ്റേറ്റ് പ്രോട്ടോകോള്‍ ഓഫീസറായ എ.പി രാജീവനാണ് വിവരാവകാശ അപേക്ഷ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരത്തെ കസ്‌റ്റംസ് പ്രിവന്‍റീവ് ഡിവിഷനിലെ അസിസ്‌റ്റന്‍റ് കമ്മീഷണര്‍ക്കാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. വിവരാവകാശ നിയമം നിലവില്‍ വന്ന ശേഷം ആദ്യമായാണ് ഒരു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സിയോട് ഈ നിയമപ്രകാരം വിവരങ്ങള്‍ തേടുന്നത്. ഈന്തപ്പഴ ഇറക്കുമതിയുമായി ബന്ധപ്പെട്ട് കസ്‌റ്റംസ് അസിസ്‌റ്റന്‍റ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഹരികൃഷ്ണനെ കസ്‌റ്റംസ് ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനിടെ കസ്‌റ്റംസ് മര്‍ദിക്കുകയും ചിലര്‍ക്ക് എതിരായി മൊഴി നല്‍കാന്‍ മാനസികമായി സമ്മര്‍ദം ചെലുത്തിയതായും ഹരികൃഷ്ണന്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി കേന്ദ്ര ധനകാര്യ സെക്രട്ടറിക്ക് കത്തെഴുതിയിട്ടുണ്ട്. സ്‌പെഷ്യല്‍ സ്്‌കൂളുകളിലും ബഡ്‌സ് സ്്‌കൂളുകളിലുമുള്ള 40,000 കുട്ടികള്‍ക്ക് വിതരണം ചെയ്യാനായി 17000 കിലോ ഈന്തപ്പഴം യു.എ.ഇ കോണ്‍സുലേറ്റ് ഇറക്കുമതി ചെയതിരുന്നു. കോണ്‍സുലേറ്റ് ജനറലിന്‍റെ വ്യക്തിപരമായ ആവശ്യം എന്നപേരില്‍ ഇറക്കുമതി ചെയ്ത ഈന്തപ്പഴത്തിന് നികുതി ഇളവും നല്‍കിയിരുന്നു. ഈ ഈന്തപ്പഴമാണ് കുട്ടികള്‍ക്ക് വിതരണം ചെയ്തത്. ഇതില്‍ ചട്ടലംഘനമുണ്ടായോ എന്നാണ് കസ്‌റ്റംസ് അന്വേഷിക്കുന്നത്.