തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗവുമായി ബന്ധപ്പെട്ട ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍റെ ഭീഷണിയെ തള്ളി മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗത്തില്‍ ഉറച്ചു നില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അത്തരത്തില്‍ സര്‍ക്കാര്‍ ഉറച്ചു നിന്നാല്‍ ഗവര്‍ണര്‍ക്ക് ആ ഭാഗം വായിക്കാതിരിക്കുകയല്ലാതെ മറ്റു പോംവഴികളില്ലെന്നാണ് സര്‍ക്കാരിനു ലഭിച്ച നിയമോപദേശം.
അതു കൊണ്ടു തന്നെ ഗവര്‍ണറെ അവഗണിച്ച് മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗവുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനം. അതിനിടെ ഗവര്‍ണറെ തിരിച്ചു വിളക്കണം എന്ന പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കണമെന്ന ആവശ്യമുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ നോട്ടീസില്‍ സ്പീക്കര്‍ നിയമസഭാ സെക്രട്ടറിയോട് വിശദാംശങ്ങള്‍ ആരാഞ്ഞു.
സഭാ ചട്ടങ്ങളും നിയമങ്ങളും പരിശോധിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിയമസഭാ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. സഭാ ചട്ടം 130 അനുസരിച്ചാണ് പ്രതിപക്ഷ നേതാവിന്റെ നോട്ടീസ്. ഏതെങ്കിലും വിഷയത്തില്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കണം എന്നാവശ്യപ്പെട്ട് എം.എല്‍.എമാര്‍ സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കുന്ന പ്രത്യേക ചട്ടമാണിത്.
ഈ നോട്ടീസ് സ്പീക്കര്‍ അംഗീകരിച്ചാല്‍ പ്രമേയം അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കിയ അംഗത്തിന് അനുമതി നല്‍കാം. ഇതിന്‍മേല്‍ ചര്‍ച്ച നടത്തിയ ശേഷം പ്രമേയം ഐക കണ്‌ഠേനയോ വോട്ടിനിട്ടോ പാസാക്കാം. സാധാരണ ഗതിയില്‍ ഐക കണ്‌ഠേന പാസാക്കുന്ന പ്രമേയങ്ങള്‍ മുഖ്യമന്ത്രിയാണ് അവതരിപ്പിക്കുക. ഗവര്‍ണറെ രാഷ്ട്രപതി തിരിച്ചു വിളിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പ്രമേയം കൊണ്ടു വന്നാല്‍ ഭരണ പക്ഷത്തിനു അനുകൂലിക്കാതിരിക്കാനാകില്ല. പൗരത്വ പ്രക്ഷോഭത്തില്‍ മേല്‍ക്കൈ നേടിയ ഭരണ പക്ഷത്തിന് പ്രതിപക്ഷത്തിന്റെ ഈ നീക്കം ഫലത്തില്‍ തിരിച്ചടിയായിരിക്കുകയാണ്. ജനുവരി 29നാണ് നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.