തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂവിന് പൂര്‍ണ സഹകരണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. കര്‍ഫ്യൂ പ്രഖ്യാപിച്ച മാര്‍ച്ച് 22ന് കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള എല്ലാ പൊതു ഗതാഗത സംവിധാനങ്ങളും നിശ്ചലമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്രം ഈ പ്രശ്‌നത്തെ അതീവ ഗൗരവത്തോടെയാണ് കാണുന്നത് എന്നതിന് ഉദാഹരണമാണിത്. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തപ്പോള്‍ മുന്നോട്ടു വച്ച നിര്‍ദേശങ്ങളെ പൊതുവേ പാലിക്കുകയാണ് വേണ്ടത്. അന്ന് വീടുകളില്‍ കഴിയുന്നവര്‍ തങ്ങളുടെ വീടും പരിസരങ്ങളും ശുചീകരിക്കണം.
31 വരെ സംസ്ഥാനത്തെ സ്‌കൂളുകളിലെയും കോളജുകളിലെയും അധ്യാപകര്‍ ജോലിക്ക് ഹാജരാകേണ്ടതില്ല. എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലെയും 50 ശതമാനം ജീവനക്കാര്‍ക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ അവധി നല്‍കും. സര്‍ക്കാര്‍ ഓഫീസുകളിലെ ബി,സി,ഡി ക്ലാസ് ജീവനക്കാര്‍ക്കാണ് അവധി. ശനിയാഴ്‌ച ഓഫീസുകള്‍ക്ക് അവധിയായിരിക്കും. അവധിയിലുള്ള ഉദ്യോഗസ്ഥര്‍ വീട്ടിലിരുന്ന് ഇ-ഓഫീസ് വഴി ജോലി ചെയ്യണം. വീട്ടില്‍ നിരീക്ഷണത്തിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ 14 ദിവസത്തെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് അനുവദിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലെ എല്ലാ നികുതികളും അടയ്ക്കാനുള്ള തീയതി ഏപ്രില്‍ 30ലേക്ക് ദീര്‍ഘിപ്പിച്ചു. റവന്യൂ റിക്കവറി നടപടികളും ഏപ്രില്‍ 30 വരെ നീട്ടിയതായി മുഖ്യമന്ത്രി പറഞ്ഞു.