തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാർക്കുള്ള ശമ്പള വിതരണം ആരംഭിച്ചു. ഇന്ന് വൈകുന്നേരത്തോടു കൂടിയാണ് സര്‍ക്കാര്‍ സഹായമായ 16 കോടി കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടില്‍ എത്തിയത്. 20 കോടിയില്‍ എസ്.ബി.ഐ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ് ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവര്‍ക്ക് നല്‍കാനുള്ള തുക കഴിച്ചാണ് 16 കോടി രൂപ കിട്ടിയത്. കഴിഞ്ഞ ദിവസങ്ങളിലെ കെ.എസ്.ആര്‍.ടി.സിയുടെ വരുമാനം 54 കോടി മാനേജ്മെന്‍റിന്‍റെ കൈവശമുണ്ട്. ഇതില്‍ സര്‍ക്കാര്‍ സഹായം കൂടി ചേര്‍ത്ത് 80 ശതമാനം ജീവനക്കാര്‍ക്കും ശമ്പളം നല്‍കാന്‍ കഴിയുമെന്ന് മാനേജ്മെന്‍റ് അറിയിച്ചു. ബാക്കിയുള്ള 20 ശതമാനം പേര്‍ക്ക് എത്രയും വേഗം ശമ്പളം നല്‍കുമെന്നും കെ.എസ്.ആര്‍.ടി.സി വ്യക്തതമാക്കി.ദിവസവേതന തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവരാണ് ഈ വിഭാഗത്തിലുള്ളത്.
ശമ്പളം വൈകിയതിനെ തുടര്‍ന്ന് ഭരണപക്ഷ സംഘടനകളടക്കം ശക്തമായ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു.ചില ഡിപ്പോകളില്‍ ബസുകള്‍ തടയുന്ന സാഹചര്യവുമുണ്ടായി. ശമ്പള വിതരണം ആരംഭിച്ചതോടെ ഈ പ്രതിസന്ധിയ്ക്ക് താത്കാലിക പരിഹാരമായി. അതേസമയം ആകെയുള്ള 5312 ഷെഡ്യൂളുകളിൽ ഡ്രൈവർമാരുടെ കുറവ് കാരണം ഇന്ന് 1352 ഷെഡ്യൂളുകള്‍ റദ്ദാക്കി.