തിരുവനന്തപുരം : എസ്എസ്എല്‍സി, പ്ലസ്‌ടു മൂല്യനിര്‍ണയ ക്യാമ്പ് ആരംഭിച്ചു. സംസ്ഥാന വ്യാപകമായി ആരംഭിച്ച ക്യാമ്പില്‍ എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളുടെ മൂല്യ നിര്‍ണയമാണ് നടക്കുന്നത്. ഇന്ന് രാവിലെ 10 മണിയോടെയാണ് ക്യാമ്പ് ആരംഭിച്ചത്. ഏപ്രില്‍ 26 വരെ തുടരും.
മൂല്യ നിര്‍ണയം ആരംഭിച്ചതിന് ശേഷം സമാനമായി ഏപ്രില്‍ 5 മുതല്‍ ടാബുലേഷന്‍ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. പരീക്ഷ ഭവനിലാകും ടാബുലേഷന്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുക. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിനായി 70 ക്യാമ്പുകളാണ് ഒരുക്കിയിരിക്കുന്നത്.
18,000ത്തിലധികം അധ്യാപകരും ക്യാമ്പില്‍ പങ്കെടുക്കും. 80 ക്യാമ്പുകളിലായി ആരംഭിച്ച ഹയര്‍ സെക്കന്‍ഡറി മൂല്യ നിര്‍ണയ ക്യാമ്പില്‍ 25000 അധ്യാപകര്‍ പങ്കെടുക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ പ്ലസ് ടു മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതിന് ശേഷമാകും പ്ലസ് വണ്‍ മൂല്യ നിര്‍ണയം ആരംഭിക്കുക.
2023 ലെ പരീക്ഷകളും വിദ്യാര്‍ഥികളുടെ എണ്ണവും: സംസ്ഥാനത്ത് 4,19,362 റെഗുലര്‍ വിദ്യാര്‍ഥികളും 192 പ്രൈവറ്റ് വിദ്യാര്‍ഥികളുമാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. ഇതില്‍ 2,13,801 പേര്‍ ആണ്‍കുട്ടികളും 2,05,561 പേര്‍ പെണ്‍കുട്ടികളുമാണ്. സര്‍ക്കാര്‍ മേഖലയില്‍ 1,170 സെന്‍ററുകളും എയ്‌ഡഡ് മേഖലയില്‍ 1,421 സെന്‍ററുകളും അണ്‍ എയ്‌ഡഡ് മേഖലയില്‍ 369 സെന്‍ററുകളിലുമായി നടന്ന എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 29 നായിരുന്നു അവസാനിച്ചത്.
മാര്‍ച്ച് 10ന് ആരംഭിച്ച് മാര്‍ച്ച് 30ന് അവസാനിച്ച ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഒന്നാം വര്‍ഷത്തില്‍ 4,25,361 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷത്തില്‍ 4,42,067 വിദ്യാര്‍ഥികളുമായിരുന്നു പങ്കെടുത്തിരുന്നത്. ഗള്‍ഫ് മേഖലയില്‍ നിന്ന് 518 വിദ്യാര്‍ഥികളും ലക്ഷദ്വീപില്‍ നിന്ന് ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാര്‍ഥികളുമായിരുന്നു ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയെഴുതിയത്. കനത്ത ചൂടിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ രാവിലെ 9.30 മുതലായിരുന്നു പരീക്ഷകള്‍ ആരംഭിച്ചിരുന്നത്.
കനത്ത താപനില കണക്കിലെടുത്ത് ക്ലാസ് റൂമുകള്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യ പ്രദമാക്കണമെന്നും കുടിവെള്ള സൗകര്യം ഒരുക്കണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും നിര്‍ദേശം നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ സൗകര്യത്തിനായി ഇടവേളകളുള്ള ടൈംടേബിളുകളിലായിരുന്നു പരീക്ഷ നടത്തിപ്പ്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷവും പരീക്ഷ നടത്തിയിരുന്നത് ഫോക്കസ് ഏരിയയെ അടിസ്ഥാനപ്പെടുത്തിയായിരുന്നു. എന്നാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ എല്ലാം ഒഴിഞ്ഞ ഇത്തവണത്തെ പരീക്ഷയ്ക്ക് വിദ്യാര്‍ഥികള്‍ക്ക് ഫോക്കസ് ഏരിയ ഉണ്ടായിരുന്നില്ല.
also read: ട്രെയിനില്‍ തീവയ്പ്പ് നടത്തിയ അക്രമിയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ് ; ഊര്‍ജിത തെരച്ചില്‍
എസ്എസ്എല്‍സി പരീക്ഷ എഴുതിയതില്‍ 57.20 ശതമാനം ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളായിരുന്നു. കൊവിഡ് മഹാമാരിയുടെ ഇടവേളയ്ക്ക് ശേഷം വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ അധ്യയനം ലഭിക്കുന്നത് 2022-23 വര്‍ഷത്തിലാണ്.
2024 ലേക്കുള്ള പുസ്‌തകങ്ങളെത്തി : 2023-24 ലെ അധ്യയന വര്‍ഷത്തെ 9-10 ക്ലാസുകള്‍ക്കുള്ള 40 ലക്ഷം പാഠപുസ്‌തകങ്ങള്‍ ജില്ല ഹബ്ബുകളില്‍ എത്തിച്ചു. കുടുംബശ്രീ വഴിയാകും പാഠപുസ്‌തകങ്ങള്‍ വിതരണം ചെയ്യുക. സൗജന്യ കൈത്തറി യൂണിഫോം വിതരണത്തിന്‍റെ സംസ്ഥാന തല വിതരണവും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.