തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷകള്‍ മാറ്റി വയ്ക്കുന്നത് സംബന്ധിച്ച് തെരഞ്ഞടുപ്പ് കമ്മിഷന്‍റെ തീരുമാനം ഇന്ന് വന്നേക്കും. പരീക്ഷകൾ തെരഞ്ഞെടുപ്പിന് ശേഷം നടത്തുന്ന തരത്തിൽ നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നേരത്തെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ നൽകിയിരുന്നു. അതിനിടെ ഈ മാസം 17ന് പരീക്ഷ തുടങ്ങുന്നുവെന്ന തരത്തിൽ മുന്നൊരുക്കങ്ങളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടു പോകുന്നുണ്ട്.
ഇതു പ്രകാരം പരീക്ഷ തുടങ്ങാൻ ആറ് ദിവസം മാത്രം ബാക്കി നിൽക്കെ വിദ്യാർഥികളും രക്ഷിതാക്കളും കടുത്ത ആശങ്കയിലാണ്. അനിശ്ചിതമായി പരീക്ഷ മാറ്റി വയ്ക്കുന്നത് മോഡൽ പരീക്ഷകൾ കഴിഞ്ഞ് വാർഷിക പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികളെ ആശയകുഴപ്പത്തിലേക്ക് തള്ളിവിടും എന്നാണ് അധ്യാപക സംഘടനകളുടെ നിലപാട്. ഏപ്രിൽ മാസം പകുതിയോടെ ഒരു മാസം നീളുന്ന റമദാൻ വ്രതം ആരംഭിക്കുന്നതിനാൽ ആ സമയത്ത് നടത്തുന്ന പരീക്ഷകൾ കുട്ടികൾക്ക് ഏറെ പ്രയാസമുണ്ടാക്കും എന്നും അഭിപ്രായമുണ്ട്.