തിരുവനന്തപുരം : 2023-24 അധ്യയന വർഷത്തെ എസ്എസ്എൽസി, ഹയർസെക്കന്‍ഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. 2024 മാർച്ച് 4 മുതൽ 25 വരെയാണ് എസ്എസ്എൽസി പരീക്ഷ (SSLC Exam 2024 Time Table). ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് ഒന്ന് മുതൽ 26 വരെ നടക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.
പൊതുപരീക്ഷകൾക്ക് മുന്നോടിയായുള്ള എസ്എസ്എൽസി മോഡൽ പരീക്ഷ (SSLC Model Examination) ഫെബ്രുവരി 19 മുതൽ 23 വരെയും ഹയർസെക്കൻഡറി മോഡൽ പരീക്ഷ ഫെബ്രുവരി 15 മുതൽ 21 വരെയും നടക്കും. ഐ.ടി പൊതു പരീക്ഷ ഫെബ്രുവരി ഒന്നുമുതൽ 14 വരെയും ഐ.ടി മോഡൽ പരീക്ഷ ജനുവരി 17 മുതൽ ജനുവരി 29 വരെയും നടക്കും. എസ്എസ്എൽസി പരീക്ഷയുടെയും ഹയർസെക്കൻഡറി പരീക്ഷയുടെയും ടൈംടേബിൾ തയാറാണെന്നും മന്ത്രി അറിയിച്ചു (SSLC Examination Time Table).
പ്ലസ് വൺ, വിഎച്ച്എസ്ഇ ഒന്നാം വർഷ ഇംപ്രൂവ്‌മെന്‍റ് പരീക്ഷ ഒക്‌ടോബർ 9, 10, 11, 12, 13 തീയതികളിലായി നടക്കും. ആകെ 4,04,075 വിദ്യാർഥികൾ പ്ലസ് വൺ ഇംപ്രൂവ്‌മെന്‍റ് പരീക്ഷ എഴുതും. ഇതിൽ കോഴിക്കോട് നിന്ന് 43,476 വിദ്യാർഥികൾ പ്ലസ് വൺ ഇംപ്രൂവ്‌മെന്‍റ് പരീക്ഷ എഴുതും.
27,633 വിദ്യാർഥികളാണ് വിഎച്ച്എസ്ഇ ഒന്നാം വർഷ ഇംപ്രൂവ്‌മെന്‍റ് പരീക്ഷ എഴുതുന്നത്. ഡി.എൽ.എഡ് പരീക്ഷ ഒക്‌ടോബർ 9 മുതൽ 21 വരെ നടക്കും. ഇതിൽ 14 കേന്ദ്രങ്ങളിലായി 698 പേർ കോഴിക്കോട് പരീക്ഷ എഴുതും. എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പ് (SSLC Valuation Camp) ഏപ്രിൽ മൂന്ന് മുതൽ ഏപ്രിൽ 17 വരെ നടക്കും.
സംസ്ഥാന സ്‌കൂൾ കായികമേള തൃശൂരിൽ : സംസ്ഥാന സ്‌കൂൾ കായികമേള ഒക്‌ടോബർ 16 മുതൽ 20 വരെ തൃശൂർ ജില്ലയിൽ നടത്തുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സ്‌പെഷ്യൽ സ്‌കൂൾ കലോത്സവം എറണാകുളം ജില്ലയിൽ നവംബർ 9 മുതൽ 11 വരെ നടക്കും. ശാസ്‌ത്രോത്സവം തിരുവനന്തപുരം ജില്ലയിൽവച്ച് നവംബർ 30 മുതൽ ഡിസംബർ 3 വരെയാണ്. സംസ്ഥാന സ്‌കൂൾ കലോത്സവം കൊല്ലം ജില്ലയിൽ 2024 ജനുവരി നാല് മുതൽ എട്ട് വരെ സംഘടിപ്പിക്കും.
എസ്എസ്എൽസി പരീക്ഷ ടൈംടേബിൾ:
2024 മാർച്ച് 4 തിങ്കൾ : രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1
മാർച്ച് 06 ബുധൻ : രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്
മാർച്ച് 11 തിങ്കൾ : രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം
മാർച്ച് 13 ബുധൻ : രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2
മാർച്ച് 15 വെള്ളി : രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്
മാർച്ച് 18 തിങ്കൾ : രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്
മാർച്ച് 20 ബുധൻ : രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി
മാർച്ച് 22 വെള്ളി : രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി
മാർച്ച് 25 തിങ്കൾ : രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്