തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ 56 ദിവസം നീളുന്ന മുറജപം തുടങ്ങി. ആറു വർഷത്തിലൊരിക്കൽ നടക്കുന്ന മുറജപത്തിൽ 207 വൈദികർ ഋഗ്വേദവും യജുർവേദവും സാമവേദവും പൂർണമായും ചൊല്ലിത്തീർക്കും. നിരവധി വർഷങ്ങൾക്കുശേഷം ജലജപവും ക്ഷേത്രത്തിൽ നടക്കും. തിരുവിതാംകൂർ രാജവംശം നൂറ്റാണ്ടുകൾക്ക് മുമ്പ് മുതൽ നടത്തിവരുന്നതാണ് മുറജപം.
ഓരോ മുറയിലും ഋക്, യജുർ, സാമവേദങ്ങൾ ക്രമമായി ജപിക്കും. ഓരോ വേദവും ആദ്യം മുതൽ അവസാനം വരെയുള്ള മന്ത്രങ്ങൾ എട്ട് ദിവസം കൊണ്ടാണ് ചൊല്ലിത്തീർക്കുന്നത്. മനഃപാഠമാക്കിയ വേദസൂക്തങ്ങൾ നിശ്ചിത താളത്തിലും ശ്വാസക്രമത്തിലുമാണ് ചൊല്ലുന്നത്. എട്ടാം ദിവസത്തെ മന്ത്രജപത്തിനൊടുവിൽ ഭഗവാനെ പ്രത്യേക വാഹനത്തിൽ എഴുന്നള്ളിച്ച് മുറശീവേലിയും നടക്കും.
ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ, തിരുനാവായ വാദ്ധ്യാൻ, തൃശ്ശൂർ വാധ്യാൻ, പന്തൽ വൈദികൻ, കൈമുക്ക് വൈദികൻ, കപ്ലിങ്ങാട് വൈദികൻ, ചെറുമുക്ക് വൈദികൻ തുടങ്ങിയ സ്ഥാനികളും കാഞ്ചീപുരം, ഉഡുപ്പി, മഹാരാഷ്ട്ര , തിരുപ്പതി , തൃശ്ശൂർ ബ്രഹ്മസ്വം മഠം , ഇരിങ്ങാലക്കുട വേദപാഠശാല തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള പ്രമുഖ വൈദികരും പങ്കെടുക്കുന്നുണ്ട്.
ജലത്തിൽ ഒരുമിച്ച് ഇറങ്ങിനിന്ന് വേദമന്ത്രങ്ങളും സഹസ്രനാമവും ചെല്ലുന്നതാണ് ജലജപം. പ്രളയം, പേമാരി, മറ്റ് പ്രകൃതിദുരന്തങ്ങൾ എന്നിവയിൽ നിന്ന് രക്ഷപ്രാപിക്കുന്നതിനാണ് ജലജപം എന്നാണ് വിശ്വാസം. മുറജപം ജനുവരി 15 ന് മകരസംക്രമ ദിനത്തിൽ ലക്ഷദീപത്തോടെ സമാപിക്കും. മുറജപത്തോടനുബന്ധിച്ച് എല്ലാദിവസവും വൈകിട്ട് കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. 26 വരെ മാർഗി വിദ്യാലയം കഥകളി അവതരിപ്പിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കൂത്ത്, കൂടിയാട്ടം, അക്ഷരശ്ലോകം, ചലച്ചിത്ര താരങ്ങൾ അവതരിപ്പിക്കുന്ന നൃത്ത, സംഗീത പരിപാടികൾ എന്നിവ നടക്കും.