വൈകിട്ട് അഞ്ച് മണിയോടെയാണ് ശ്രീവരാഹം കൊലക്കേസ് പ്രതി അർജുനെ പൊലീസ് ശ്രീവരാഹത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. ഫോർട്ട് സിഐ മനോജിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. വിലങ്ങണിഞ്ഞെത്തിയ പ്രതിയെ കാണാൻ വലിയ ജനക്കൂട്ടം തന്നെ സ്ഥലത്തെത്തിയിരുന്നു. അതെ സമയം ഒരു ഭാവമാറ്റവും ഇല്ലാതെയാണ് കൃത്യം നടത്തിയതെങ്ങനെയെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് ശ്രീവരാഹം കുന്നാണ്ടൻ ഗണപതി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ വച്ച് അർജുൻ സ്ഥലവാസിയായ ശ്യാം എന്ന യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത്. മയക്കുമരുന്ന് സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെയാണ് ശ്യാമിന് കുത്തേറ്റത്. കൃത്യം നടത്തിയ ശേഷം ഒളിവിൽ പോയ അർജുനെ തിങ്കളാഴ്ച പുലർച്ചയോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.