തിരുവനന്തപുരം: നിർദിഷ്‌ട സില്‍വര്‍ലൈന്‍ പാതയ്ക്കും സ്റ്റേഷനുമരികിൽ വൻകിട മുതലാളിമാർ ഇപ്പോൾ തന്നെ ഏക്കർ കണക്കിന് സ്ഥലം വാങ്ങിക്കഴിഞ്ഞെന്ന് ശ്രീധർ രാധാകൃഷ്‌ണൻ. ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച കെ റെയില്‍ സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില റെയിൽവേ സ്റ്റേഷനുകൾ എന്തുകൊണ്ടാണ് നഗരത്തിൽ നിന്ന് മാറിയായതെന്ന് വ്യക്തമല്ലെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം ഭൂമാഫിയയാണ് പദ്ധതിക്കു പിന്നിലെന്ന് പറഞ്ഞ് വികസനം മുടക്കരുതെന്നും പുതിയ പദ്ധതികൾ വരുമ്പോൾ പണമുള്ളവർ ഭൂമി വാങ്ങുന്നത് സ്വാഭാവികമാണെന്നും പദ്ധതിയെ അനുകൂലിക്കുന്ന എസ്എൻ രഘുചന്ദ്രൻ നായർ പറഞ്ഞു. വികസനത്തെ രാഷ്ട്രീയായുധമായി ഉപയോഗിക്കരുത്. വികസനം സാമൂഹ്യവും സാമ്പത്തികവും പാരിസ്ഥിതികവുമൊക്കെയാണ്.
പദ്ധതിയെ എതിർക്കുന്നവരെ വികസനത്തിനെതിരാണെന്ന് വരുത്തുന്നത് ശരിയല്ലെന്ന് ശ്രീധർ രാധാകൃഷ്‌ണൻ ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് ആവശ്യമുള്ള പരിസ്ഥിതി അടക്കം എല്ലാ സാധ്യതകളെയും സിൽവർ ലൈൻ ഇല്ലാതാക്കും. എല്ലാ അർത്ഥത്തിലും തള്ളിക്കളയേണ്ട പദ്ധതിയാണിത്. കേരളത്തിന്‍റെ ഇരുപതോളം വികസന പദ്ധതികൾ വേണ്ടെന്നു വച്ചാണ് സിൽവർ ലൈൻ നടപ്പാക്കുന്നതെന്ന് കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ മുഖ്യമന്ത്രിക്കയച്ച കത്ത് വ്യക്തമാക്കുന്നതായും ശ്രീധർ രാധാകൃഷ്‌ണൻ ആരോപിച്ചു.
Also Read കെ റെയിൽ മറ്റു വികസനങ്ങൾക്ക് തുരങ്കം വയ്ക്കുന്നു; ആർവിജി മേനോൻ