തിരുവനന്തപുരം: ശ്രീ പദ്‌മനാഭസ്വാമി ക്ഷേത്രഗോപുരത്തിൽ ഭക്തർക്ക് വീണ്ടും പ്രവേശനം അനുവദിക്കുന്നത് പരിഗണനയിൽ. ഏഴു നിലകളുള്ള ഗോപുരത്തിൻ്റെ ആദ്യ മൂന്നു നിലകളിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കാനാണ് ആദ്യ ഘട്ടത്തിൽ ആലോചിക്കുന്നത്. ഇതിൻ്റെ സാധ്യതാപഠനത്തിനായി പുരാവസ്‌തു, വാസ്‌തുവിദ്യ, സിവിൽ എൻജിനീയർമാർ എന്നിവരടങ്ങുന്ന വിദഗ്‌ധ സംഘത്തെയും നിയോഗിച്ചു.
നേരത്തെ ഏഴു നിലകളിലും ഭക്തർക്ക് പ്രവേശനമുണ്ടായിരുന്നു. ഏഴാമത്തെ നിലയിലെ വാതിലിലൂടെ നഗരത്തിൻ്റെ ഏതാണ്ട് പൂർണമായ ആകാശക്കാഴ്‌ച ലഭിക്കും. മൂന്നാമത്തെ നിലയിലെ വാതിലിലൂടെ മതിലകമാകെ കാണാൻ കഴിയും. ക്ഷേത്രത്തിൽ നിധിശേഖരം കണ്ടെത്തിയ സാഹചര്യത്തിൽ വർധിപ്പിച്ച സുരക്ഷയുടെ പശ്ചാത്തലത്തിൽ പ്രവേശനം തത്‌കാലത്തേക്ക് നിർത്തിവയ്‌ക്കുകയായിരുന്നു.
വർധിച്ചു വരുന്ന ടൂറിസം സാധ്യത പ്രയോജനപ്പെടുത്തി കൂടുതൽ ഭക്തരെ ആകർഷിക്കുന്നതിനാണ് ഗോപുര നിലകൾ വീണ്ടും തുറക്കുന്നത്. ഇതിലൂടെ ക്ഷേത്ര വരുമാനം വർധിപ്പിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. ഒരു സമയം പത്തു പേരെ അനുവദിക്കുന്ന തരത്തിലാണ് പ്രവേശനം ക്രമീകരിക്കുക.
ആറു മാസത്തിലൊരിക്കൽ വരുന്ന പൗർണമി ദിനത്തിൽ അസ്‌തമയ സൂര്യൻ്റെ കിരണങ്ങൾ നേർരേഖയിൽ വരുന്ന രീതിയിലാണ് ഗോപുരവാതിലുകൾ നിർമിച്ചിരിക്കുന്നത്. ഈ സമയം എല്ലാ വാതിലിലൂടെയും ഈ കാഴ്‌ച ക്ഷേത്രത്തിന് പുറത്തു നിന്ന് കാണാൻ സാധിക്കും.