തിരുവനനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതിയിലേയ്ക്ക് കേന്ദ്ര സർക്കാരിന്‍റെ പ്രതിനിധിയായി ബിജെപി നേതാവ് കുമ്മനം രാജശേഖരനെ നാമനിർദ്ദേശം ചെയ്തു. നേരത്തെ നിശ്ചയിച്ചിരുന്ന ഹരികുമാരൻ നായരെ മാറ്റിയാണ് കുമ്മനം രാജശേഖരനെ നാമനിർദേശം ചെയ്തത്. ഇത് സംബന്ധിച്ച് ഭരണസമിതി ചെയർമാൻ ആയ ജില്ലാ ജഡ്ജി കെ. ബാബുവിന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം കത്ത് നൽകി.
സംസ്ഥാന സർക്കാർ പ്രതിനിധി പി കെ മാധവൻ നായർ, രാജകൊട്ടാരം പ്രതിനിധി അവിട്ടം തിരുനാൾ ആദിത്യ വർമ്മ, ക്ഷേത്രതന്ത്രി തരണനല്ലൂർ നമ്പൂതിരിപ്പാട് എന്നിവരാണ് മറ്റ് സമിതി അംഗങ്ങൾ. സുപ്രീം കോടതിയുടെ ഉത്തരവനുസരിച്ചാണ് പത്മനാഭസ്വാമി ക്ഷേത്ര ഭരണത്തിനായി ജില്ല ജഡ്ജി അധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയെ നിയോഗിച്ചത്.