തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തതിൽ, അനാവശ്യ വിവാദം സൃഷ്ടിച്ച് ആശയക്കുഴപ്പം ഉണ്ടാക്കരുതെന്ന് സ്പീക്കറുടെ ഓഫിസ്. കേസിന് ആവശ്യമായ വിശദീകരണം സ്പീക്കറിൽ നിന്ന് തേടുകയാണ് കസ്റ്റംസ് ചെയ്തത്. ഭരണഘടനാപദവിയുടെ അന്തസ് ഉയർത്തിപ്പിടിച്ച് സ്പീക്കറുടെ സൗകര്യം ചോദിച്ച ശേഷമാണ് കസ്റ്റംസ് ഔദ്യോഗിക വസതിയിലെത്തി വിവരങ്ങള്‍ തേടിയതെന്നും ഓഫിസ് വിശദീകരിച്ചു.
Read More: സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്‌തു
ഇക്കാര്യത്തിൽ ഊഹാപോഹങ്ങൾ വാർത്തയായി പ്രചരിപ്പിക്കരുത്. വിവാദങ്ങൾക്ക് ആവശ്യമായ വിശദീകരണം നൽകാൻ തയാറാണെന്ന് സ്പീക്കർ കസ്റ്റംസിനെ അറിയിച്ചിരുന്നതാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് മൂന്ന് തവണ നോട്ടിസ് നൽകിയെന്ന വാർത്ത ശരിയല്ല. ഒരു തവണ മാത്രമാണ് നോട്ടിസ് നൽകിയതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇന്നലെ ഉച്ചയോടെ എത്തിയ കസ്റ്റംസ് സംഘം നാല് മണിക്കൂറോളം ആണ് സ്‌പീക്കറെ ചോദ്യം ചെയ്‌തത്.
തിരുവനന്തപുരം യു.എ.ഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് വിഭാഗം മുന്‍തലവന്‍ ഖാലിദ് അലി ഷൗക്രി 1.90 ലക്ഷം യു.എസ്. ഡോളര്‍ മസ്‌കറ്റ് വഴി കെയ്‌റോയിലേക്ക് കടത്തിയെന്നാണ് കസ്റ്റംസിന്‍റെ കണ്ടെത്തല്‍. ഈ സംഭവത്തില്‍ സ്‌പീക്കര്‍ പി.ശ്രീരാമകൃഷ്‌ണന് പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.