തിരുവനന്തപുരം : തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ അനൗൺസ്മെന്‍റ് വന്നു. കൗണ്ട് ഡൗണ്‍ സ്‌റ്റാർട്ട് നൗ,... ടെന്‍, നയൻ, എയ്‌റ്റ്.... എണ്ണം അടുക്കും തോറും നിഷ്‌കളങ്കമായ ചിരിയോടെ കയ്യടിക്കാൻ ഒരു കൂട്ടം വിദ്യാർഥികൾ ചെവികൾ കൂർപ്പിച്ച് ഇരിക്കുന്നു. തങ്ങൾ കേട്ട് പഠിച്ച് നിർമിച്ച റോക്കറ്റ് പറന്നുയരുന്നതിന്‍റെ വിജയ വാർത്ത കേൾക്കാൻ.
'സ്‌പർശം 1 ലോഞ്ചിങ് സക്‌സസ്' - മൈക്കിലൂടെ തങ്ങളുടെ പ്രിയപ്പെട്ട മാഡം ആതിര പ്രീതി റാണിയുടെ ശബ്‌ദം. സാക്ഷാത്കാരമായത് കാഴ്‌ചാ പരിമിതിയെ പരാജയപ്പെടുത്തിയ 15 വിദ്യാർഥികളുടെ സ്വപ്‌നങ്ങള്‍ക്ക്. നവംബർ പതിനാലിന് വഴുതക്കാട് കാഴ്‌ചാ പരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ മുഖ്യാതിഥിയായി വന്നപ്പോഴായിരുന്നു ഇന്ത്യൻ ബഹിരാകാശ യാത്രാ പരിശീലകയായ ആതിര പ്രീതി റാണിയോട് വിദ്യാർഥികൾ റോക്കറ്റ് വിക്ഷേപണത്തെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചത്.
വിദ്യാർഥികളുടെ ആകാംക്ഷയും ആവേശവും കണ്ട പ്രീതി, സ്‌കൂളിലേക്ക് മൂന്നുമാസത്തെ ഇടവേളയ്ക്കുശേഷം തിരികെ വന്നു. കൂടെ 'സ്‌പർശം' എന്ന പേരിലുള്ള റോക്കറ്റ് വിക്ഷേപണ പദ്ധതിയും. അറ്റം കൂർത്തതും താഴ്ഭാഗം ചിറകുള്ളതുമായി കേട്ട് പരിചയപ്പെട്ട റോക്കറ്റിന്‍റെ വിക്ഷേപണത്തിൽ പങ്കെടുക്കാൻ വിദ്യാർഥികളും മുന്നോട്ടുവന്നു.
ബ്രൂണോ, കൈസർ, സ്പൈസ് മിഷൻ, പ്രതിഭ, സൂര്യ എന്നിങ്ങനെ വിദ്യാർഥികൾ തന്നെ പേരിട്ട അഞ്ച് റോക്കറ്റുകളാണ് വിക്ഷേപിച്ചത്. അഞ്ച് പരീക്ഷണങ്ങളിൽ മൂന്നെണ്ണമാണ് വിജയം കണ്ടത്. 150 മീറ്റർ ഉയരത്തിൽ കുതിച്ച റോക്കറ്റ് വിക്ഷേപണം കാണാൻ എസ്‌പി അടക്കം പ്രമുഖരുമുണ്ടായിരുന്നു. വിവിധ കോളജുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും വിദ്യാർഥികളും എത്തി.
കാർഡ്ബോർഡ്, സൺ ഷീറ്റ് മെറ്റീരിയലുകൾ എന്നിവ ഉപയോഗിച്ചാണ് റോക്കറ്റ് നിർമിച്ചത്. പരിമിതികളെ തോൽപ്പിച്ച് ശ്രദ്ധേയ പദ്ധതിയുടെ ഭാഗമാകാനായതിന്‍റെ സന്തോഷത്തിലാണ് വിദ്യാർഥികള്‍. ശാസ്‌ത്രത്തിന്‍റെ ഭാവിയിൽ പങ്കാളികളാകാൻ എല്ലാവർക്കും അവകാശമുണ്ടെന്ന ആതിരയുടെ സ്വപ്‌നമാണ് ഇവിടെ പൂവണിയുന്നത്. ഈ സ്വപ്‌നം സാക്ഷാത്കരിക്കാൻ ആതിരയുടെ കൂടെ ഉണ്ടായിരുന്നത് ഭർത്താവും റോക്കറ്റ് സൈന്‍റിസ്റ്റുമായ ഗോകുൽ ദാസ്, ഐഎസ്‌ആര്‍ഒ ഉദ്യോഗസ്ഥൻ നന്ദു എന്നിവരായിരുന്നു.