തിരുവനന്തപുരം : സംസ്ഥാനത്തെ പ്രധാന റൂട്ടുകളിലെ ട്രെയിനിന്‍റെ വേഗത വർധിപ്പിക്കും. 2026 ഓടെ സഞ്ചാരത്തിനുള്ള സമയം ചുരുക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ ഒരുങ്ങിയിരിക്കുകയാണ് ദക്ഷിണ മേഖല റെയിൽവേ. ആവശ്യമായ ഇടങ്ങളിൽ 60 കിലോമീറ്റർ റെയിൽ പാളങ്ങൾ സ്ഥാപിക്കുക, ട്രെയിൻ കടന്നു പോകുന്ന പാലങ്ങൾ ശക്തിപ്പെടുത്തുക, സാധ്യമായ ഇടങ്ങളിൽ വളവുകൾ ഒഴിവാക്കുക, ഓട്ടോമാറ്റിങ് സിഗ്നലിങ്- ഡബിൾ ഡിസ്റ്റൻസിങ് സിഗ്നലിങ് സംവിധാനങ്ങൾ നവീകരിക്കുക, വൈദ്യുത ലൈനുകളിൽ അറ്റകുറ്റപ്പണി നടത്തുക, ജനങ്ങൾ പാളം മുറിച്ചു കടക്കുന്നയിടങ്ങളിൽ ബാരിക്കേഡ് സ്ഥാപിക്കുക തുടങ്ങി റെയിൽ മാർഗത്തെ ഘടനപരമായി നവീകരിച്ചാകും ഇത് നടപ്പിലാക്കുക.
ദക്ഷിണ മേഖലയിലാകെ നടപ്പിലാകുന്ന നവീകരണ പ്രവർത്തനങ്ങൾ സാധ്യമായാൽ കേരളത്തിലെ പ്രധാന റെയിൽ മാർഗങ്ങൾക്കെല്ലാം ഇത് ഗുണകരമാകും. 306.57 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണൂർ - മംഗളുരു സെക്ഷനിൽ നിലവിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് ട്രെയിനുകൾ ഓടുന്നത്. ഇത് മണിക്കൂറിൽ 130 കിലോമീറ്ററായി 2025 മാർച്ചോടെ വർധിപ്പിക്കും. സമാന വേഗതയിൽ ട്രെയിനുകൾ ഓടുന്ന 92.75 കിലോമീറ്റർ ദൈർഘ്യമുള്ള പോത്തന്നൂർ - ഷൊർണൂർ സെക്ഷനിൽ മണിക്കൂറിൽ 130 കിലോമീറ്ററായി 2026 മാർച്ചോടെ വർധിപ്പിക്കും.
ഇതോടെ തിരുവനന്തപുരം - കായംകുളം സെക്ഷനിൽ 100 ൽ നിന്നും 110 ലേക്കും, കായംകുളം - തുറവൂർ സെക്ഷനിൽ 90ൽ നിന്നും 110 ലേക്കും, തുറവൂർ - എറണാകുളം സെക്ഷനിൽ 80 ൽ നിന്നും 110 ലേക്കും, എറണാകുളം - ഷൊർണൂർ സെക്ഷനിൽ 80 ൽ നിന്നും 90 ലേക്കും വേഗത വർധിക്കും. ആദ്യ ഘട്ടത്തിൽ ട്രെയിനിന്‍റെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററായാകും വർധിപ്പിക്കുക ഭാവിയിൽ ഇത് 160 ആയി ഉയർത്താനുള്ള നടപടികളും സ്വീകരിക്കും.
തിരുവനന്തപുരം - മംഗളൂരു റൂട്ടിലെ ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള ട്രെയിനുകളുടെ വേഗത ഇത്തരത്തിൽ വർധിപ്പിക്കാൻ നടത്തുന്ന പ്രായോഗിക പഠന റിപ്പോർട്ട് ഈ വർഷം ഡിസംബർ 31 ഓടെ സമർപ്പിക്കപ്പെടും. ഇത് പരിശോധിച്ചാകും ഭാവി പ്രവർത്തനങ്ങൾ. സമയ ബന്ധിതമായി റിപ്പോർട്ട് ലഭിക്കുകയാണെങ്കിൽ അടുത്ത വർഷത്തോടെ ഇതിനായുള്ള നിർമാണ പ്രവർത്തനങ്ങൾ നടത്താനാകുമെന്നാണ് റെയിൽവേയുടെ പ്രതീക്ഷ.