തിരുവനന്തപുരം: പൊലീസിന് പരിമിതികളുണ്ടെന്നും സോളാർ കേസ് സ്വതന്ത്ര ഏജൻസി തന്നെ അന്വേഷിക്കണമെന്നും പരാതിക്കാരി. കേസ് സിബിഐക്ക് വിട്ടത് സ്വാഗതം ചെയ്യുന്നു. രാഷ്ട്രീയ പ്രേരിതമെന്ന പ്രതിപക്ഷ ആരോപണം ശരിയല്ല. ആര് അന്വേഷിച്ചാലും പ്രതിപക്ഷം അത് തന്നെ പറയുമെന്നും പരാതിക്കാരി പ്രതികരിച്ചു.
അഞ്ച് വർഷമായിട്ടും കേസില്‍ പൊലീസിന് ഒന്നും ചെയ്യാൻ പറ്റിയിട്ടില്ല. അബ്ദുള്ളക്കുട്ടിക്കെതിരെ പോലും കേസെടുത്തില്ല. പരസ്യസംവാദത്തിന് താൻ ഉമ്മൻ ചാണ്ടിയെ ക്ഷണിക്കുന്നു. 16 പേർക്കെതിരെ പരാതി നൽകിയിട്ട് അതിൽ ആറ് പേരുടെ കേസിലാണ് എഫ്.ഐ.ആർ ഇട്ടതെന്നും പരാതിക്കാരി പറഞ്ഞു.
ജോസ് കെ മാണിക്കെതിരായ കാര്യങ്ങളിലും ഉറച്ചു നിൽക്കുന്നു. ഒരിടത്തും ജോസ് കെ മാണിയെ ഒഴിവാക്കിയെന്ന് പറഞ്ഞിട്ടില്ല. സിബിഐ അന്വേഷണം വന്നാൽ ജോസ് കെ മാണിയെന്നല്ല എല്ലാവരിലേക്കും അന്വേഷണം വരുമെന്നും പരാതിക്കാരി പറഞ്ഞു. ഇത് പൊളിറ്റിക്കൽ സ്റ്റണ്ടല്ല, മരണം വരെ പോരാടുമെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു.