തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസില്‍ ആരോപണ വിധേയയായ സ്വപ്‌ന സുരേഷിനെ ഐടി വകുപ്പില്‍ നിന്ന് നീക്കി. ഇത് സംബന്ധിച്ച് ഐടി സെക്രട്ടറി എം. ശിവശങ്കര്‍ ഉത്തരവിറക്കി. കെ.എസ്.ഐ.ടി.ഐ.എല്‍ ആണ് സ്വപ്‌ന സുരേഷിനെതിരെ നടപടിയെടുത്തത്.
ഐടി വകുപ്പിന് കീഴിലെ കെ.എസ്.ഐ.ടി.ഐ.എല്ലില്‍ മാര്‍ക്കറ്റിങ്ങ് ലെയ്‌സണ്‍ ഓഫീസറായാണ് സ്വപ്‌ന സുരേഷ് ജോലി ചെയ്തിരുന്നത്. സ്‌പേസ് പാര്‍ക്കില്‍ പ്രോജക്ട് മാനേജറായും സ്വപ്നയെ നിയമിച്ചിരുന്നു. ആറു മാസത്തേക്ക് താൽക്കാലിക അടിസ്ഥാനത്തിലായിരുന്നു സ്വപ്‌നയുടെ നിയമനം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ രണ്ട് മാസം കൂടി സര്‍വ്വീസ് നീട്ടി നല്‍കിയിരുന്നു.
യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് പുറത്താക്കിയ ശേഷമാണ് സ്വപ്നയെ ഐടി വകുപ്പില്‍ നിയമിച്ചത്. സ്വര്‍ണ്ണക്കടത്തില്‍ സ്വപ്‌ന സുരേഷിനെതിരായ അന്വേഷണം പുരോഗമിക്കുകയാണ്.