തിരുവനന്തപുരം: സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പ് വഴി വീടും പരിസരവും വൃത്തിയാക്കാൻ ഇനി ആളെ കണ്ടെത്താം. മരക്കൊമ്പുകൾ വെട്ടാനും വീടും പരിസരവും വൃത്തിയാക്കാനും തുടങ്ങി വീട്ടിലെ ചെറിയ പണികൾക്കായി ആളെ കണ്ടെത്താനുള്ള സൗകര്യമാണ് സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിൽ ഒരുങ്ങുന്നത്. സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിലെ സർവീസസ് ലിസ്റ്റിൽ ഇതിനായി വർക്ക് ഓർഡർ എന്ന ഓപ്‌ഷൻ കൂടി പുതുതായി ചേർക്കും.
ഓപ്‌ഷൻ സെലക്‌ട് ചെയ്‌ത് ജോലിയുടെ വിവരങ്ങൾ രേഖപ്പെടുത്തണം. ഫോട്ടോയും കൂടി ചേർക്കാനുള്ള സൗകര്യം ഉണ്ടാകും. കേന്ദ്ര - സംസ്ഥാന നഗര മിഷൻ, കുടുംബശ്രീ, തിരുവനന്തപുരം നഗരസഭ എന്നിവർ സംയുക്തമാണ് പുതിയ സേവനങ്ങൾ ലഭ്യമാക്കുന്നത്.
കേന്ദ്ര - സംസ്ഥാന നഗര മിഷനും കുടുംബശ്രീയും സംയുക്തമായി നടപ്പിലാക്കുന്ന സിറ്റി ലൈവലീഹുഡ് സെന്‍റർ വഴിയാകും തൊഴിലാളികളെ ആവശ്യകാർക്ക് ലഭ്യമാക്കുക. ഫീസും ഓൺലൈനായി അടയ്‌ക്കാനാകും. 400 രൂപ മുതലാകും സേവനങ്ങൾ ലഭ്യമാക്കുക.
അതേസമയം അപേക്ഷ സമർപ്പിച്ചതിന് ശേഷം പിൻവലിച്ചാലും സർവീസ് ചാർജ് നൽകേണ്ടി വരും. പണി പൂർത്തിയായാൽ ഗുണഭോക്താവിന് ഒ ടി പി ലഭിക്കും. ആപ്പിൽ ഇത് രേഖപ്പെടുത്തി പണി തീർന്നതായി സാക്ഷ്യപ്പെടുത്താം. ഈ വർഷം തന്നെ സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിൽ മാറ്റങ്ങൾ കൊണ്ട് വരാനാണ് ശ്രമം.
സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിലൂടെ ലഭിക്കുന്ന മറ്റ് സേവനങ്ങൾ: കൊവിഡ് കാലഘട്ടത്തിലാണ് സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പ് കൂടുതൽ ജനകീയമായത്. കൊവിഡ് നിയന്ത്രണങ്ങളുടെ കാലത്ത് പൊതുപരിപാടികൾക്ക് അനുമതി തേടാൻ ആപ്പിൽ സൗകര്യം ഒരുക്കിയിരുന്നു. കൊവിഡ് ഭീഷണി മാറിയെങ്കിലും ആപ്പിൽ ഇപ്പോഴും ഈ സൗകര്യമുണ്ട്.
മാലിന്യ സംസ്‌കരണത്തിനുള്ള സേവനങ്ങളും ആപ്പിലൂടെ ആവശ്യപ്പെടാനാകും. മാലിന്യ സംസ്‌കരണത്തിനുള്ള ഇനോക്കുലം, കിച്ചൻ ബിൻ, ഹരിത കർമ്മ സേനയുടെ സേവനം എന്നിവയും ആപ്പിലൂടെ ലഭ്യമാക്കാനാകും. മേയർക്ക് നേരിട്ട് പരാതി സമർപ്പിക്കാനും ആപ്പിലൂടെ സാധിക്കും.
പൊതുവിടങ്ങളിൽ മാലിന്യം തള്ളുന്നതിന്‍റെ ഫോട്ടോ ഉൾപ്പടെ പരാതി നൽകാനും സാധിക്കും. ആപ്പ് വഴി സമർപ്പിക്കപ്പെട്ട പരാതികളിൽ അഞ്ചു പരാതികളാണ് നിലവിൽ പരിഹരിക്കപ്പെട്ടതായി ആപ്പിൽ കാണിക്കുന്നത്.
സ്വിഫ്‌റ്റ് ബസുകളിലെ ടിക്കറ്റിനായി മൊബൈൽ ആപ്പുമായി കെഎസ്‌ആര്‍ടിസി: കെഎസ്ആർടിസി സ്വിഫ്റ്റ് ബസുകളിൽ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് പുതിയ മൊബൈൽ അപ്ലിക്കേഷൻ അവതരിപ്പിച്ച് മാനേജ്മെന്‍റ്. ENTE KSRTC NEO OPRS എന്ന ആപ്ലിക്കേഷനുമായാണ് കെഎസ്ആർടിസി എത്തിയത്. ആപ്പിന് പുറമെ www.onlineksrtcswift.com എന്ന പുതിയ വെബ്സൈറ്റും കെഎസ്ആർടിസി അവതരിപ്പിച്ചു.
മെയ് മാസം മുതലാണ് ഇത് പ്രാബല്യത്തിൽ വന്നത്. ടിക്കറ്റ് ബുക്കിങ് സംവിധാനത്തെ പുതിയ തലത്തിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് ഇത്തരം മൊബൈൽ ആപ്ലിക്കേഷൻ അവതരിപ്പിച്ചതെന്ന് മാനേജ്മെന്‍റ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ മൊബൈൽ അപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ്. കെഎസ്ആർടിസി കൗണ്ടറുകളിൽ ബുക്ക് ചെയ്യുന്നതിനുള്ള ലോഗിൻ ഐഡിയും പാസ്‌വേർഡും ബന്ധപ്പെട്ട ഡിപ്പോയുടെ മെയിലിൽ നൽകുന്നതാണ്.
READ MORE: ജനങ്ങളെ അടുപ്പിക്കാന്‍; സ്വിഫ്‌റ്റ് ബസുകളിലെ ടിക്കറ്റിനായി മൊബൈൽ ആപ്പ് അവതരിപ്പിച്ച് കെഎസ്‌ആര്‍ടിസി