തിരുവനന്തപുരം: മ്യൂസിയം, കനകക്കുന്ന് പരിസരങ്ങളെ രാത്രികാലങ്ങളിലും സജീവമാക്കുന്നതിന്‍റെ ഭാഗമായി മ്യൂസിയം ആർ.കെ.വി റോഡിൽ തെരുവ് കച്ചവട കേന്ദ്രം ഒരുക്കുന്നു. സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തിയ തെരുവ് കച്ചവട കേന്ദ്രങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 1.7 കോടി ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരത്തിൽ രാത്രികാല വ്യാപാര കേന്ദ്രം എന്ന ആശയം തിരുവനന്തപുരം നഗരസഭ നേരത്തെ തന്നെ മുന്നോട്ട് വച്ചിരുന്നു. ഇതിന് തുടർച്ചയെന്നോണമാണ് മ്യൂസിയം ആർ.കെ.വി റോഡിൽ തെരുവ് കച്ചവട കേന്ദ്രങ്ങൾ ഒരുങ്ങുന്നത്.
തെരുവ് ഭക്ഷണശാലകളടക്കം 48 കടക്കാരെ പുനരധിവസിപ്പിക്കാൻ സൗകര്യമുള്ള ഷെഡുകളാണ് നിർമ്മിക്കുന്നത്. ഇതോടൊപ്പം റോഡ് ഇൻ്റർലോക്ക് ചെയ്ത് നവീകരിക്കും. നിലവിൽ 90 ശതമാനം നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തിയായി. ഒരു മാസത്തിനുള്ളിൽ ബാക്കിയുള്ള പ്രവർത്തനങ്ങളും പൂർത്തിയാകും. ശേഷം നഗരസഭയ്ക്ക് കൈമാറുമെന്ന് സ്‌മാർട്ട് സിറ്റി അധികൃതർ അറിയിച്ചു.
ALSO READ:'അഭയം ഭൂഗര്‍ഭ മെട്രോയില്‍, ഭക്ഷണം ഉടൻ തീരും': ആശങ്കയുമായി യുക്രൈനിലെ വിദ്യാര്‍ഥി
പദ്ധതിയുടെ ഭാഗമായി വെള്ളം, വൈദ്യുതി, പാചക വാതകം, മലിനജലം ഒഴുക്കിവിടുന്നതിനുള്ള പൈപ്പുകൾ എന്നീ സൗകര്യങ്ങളും ഒരുക്കും. കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനൊപ്പം ഇവർക്ക് തിരിച്ചറിയൽ കാർഡും പ്രത്യേക പരിശീലനവും നൽകും. വർഷങ്ങളായി കച്ചവടം നടത്തി ഉപജീവനം നടത്തുന്ന നിരവധി കച്ചവടക്കാരാണ് ഇവിടെയുള്ളത്.
കിഴക്കേക്കോട്ട ചരിത്ര വീഥിയുടെ ഭാഗമായി താലൂക്ക് ഓഫീസ് റോഡിലും തെരുവ് കച്ചവടക്കാരുടെ പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നുണ്ട്. ഇതിന് പിന്നാലെയാണ് മ്യൂസിയം ആർ.കെ.വി റോഡിലും സമാന സംവിധാനം ഒരുങ്ങുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയായി പുതിയ കച്ചവടകേന്ദ്രങ്ങളിൽ പുതു ജീവിതം കെട്ടിപ്പടുക്കാമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാരും.