തിരുവനന്തപുരം: സിസ്റ്റർ അഭയ കൊല്ലപ്പെട്ടിട്ട് 28 വർഷവും 9 മാസവും തികയുകയാണ് ഇന്ന്. ഇന്നാണ് ചരിത്ര വിധി. തിരുവനന്തപുരം സിബിഐ കോടതി സ്‌പെഷ്യൽ ജഡ്‌ജി കെ.സനൽ കുമാറാണ് വിധി പറയുന്നത്.
കേസിന്‍റെ നാൾവഴി
- 1992 മാർച്ച് 27ന് കോട്ടയം പയസ് ടെന്‍റ് കോൺവെന്‍റിലെ കിണറ്റിൽ ദുരൂഹ സാഹചര്യത്തിൽ അഭയയുടെ മൃതദേഹം കണ്ടെത്തി.
- 1992 ഏപ്രിൽ 14ന് ലോക്കൽ പൊലീസ് 17 ദിവസം അന്വേഷണം നടത്തിയ ശേഷം കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
- 1993 ജനുവരി 30ന് കോട്ടയം ആർ.ഡി.ഒ കോടതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചു കൊണ്ട് റിപ്പോർട്ട് സമർപ്പിച്ചു.
- 1993 മാർച്ച് 29ന് ഹൈക്കോടതി അഭയ ആക്‌ഷൻ കൗൺസിലിന്‍റെ ഹർജിയെ തുടർന്ന് കേസ് സിബിഐക്ക് നൽകി.
- 1996 ഡിസംബർ ആറിന് കേസ് എഴുതിത്തള്ളണം എന്ന് ആവശ്യപ്പെട്ട് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി.
- 1997 മാർച്ച് 20ന് അഭയ കേസ് തുടരന്വേഷണത്തിന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
- 1999 ജൂലൈ 12ന് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ അഭയയുടെ മരണം കൊലപാതകമാണെന്ന് കണ്ടെത്തി.
- 2000 ജൂൺ 23ന് അഭയ കേസ് പുനരന്വേഷണത്തിന് പുതിയ അന്വേഷണ സംഘത്തെ നിയമിക്കാൻ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
- 2005 ആഗസ്റ്റ് 30ന് കേസ് അന്വേഷണം അവസാനിപ്പിക്കുവാൻ അനുമതി തേടി സിബിഐ മൂന്നാം തവണയും എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.
- 2007 മെയ് 22ന് ഫോറൻസിക് റിപ്പോർട്ടിൽ തിരുത്തൽ നടന്നതായി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.
- 2008 സെപ്റ്റംബർ നാലിന് ഡൽഹി ക്രൈം യൂണിറ്റിൽ നിന്നും കൊച്ചി സിബിഐ യൂണിറ്റിലേക്ക് കേസ് മാറ്റി.
- 2008 നവംബർ 18ന്, അഭയയുടെ കൊലപാതകം നടന്ന്16 വർഷങ്ങൾക്ക് ശേഷം മൂന്നു പ്രതികളെ സിബിഐ അറസ്റ്റ് ചെയ്‌തു.
- 2009 ജൂലൈ 17ന് സിബിഐ ഡിവൈ.എസ്.പി നന്തകുമാരൻ നായർ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
- 2011 മാർച്ച് 16ന് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികൾ വിടുതൽ ഹർജി നൽകി.
- 2015 ജൂൺ 30ന് അഭയ കേസ് അന്വേഷിച്ചിരുന്ന ക്രൈംബ്രാഞ്ച് മുൻ ഡിവൈ.എസ്.പി കെ.സാമുവലിനെ പ്രതിയാക്കി തിരുവനന്തപുരം സിബിഐ കോടതിയിൽ തുടരന്വേഷണ റിപ്പോർട്ട് നൽകി.
- 2018 ജനുവരി 22ന് അഭയ കേസിൽ തെളിവ് നശിപ്പിച്ചതിന് ക്രൈംബ്രാഞ്ച് മുൻ എസ്.പി കെ.ടി മൈക്കിളിനെ കേസിലെ നാലാം പ്രതിയാക്കി.
- 2018 മാർച്ച് ഏഴിന് ഒന്നും മൂന്നും പ്രതികളുടെ വിടുതൽ ഹർജി സിബിഐ കോടതി തള്ളി. അതേ സമയം രണ്ടാം പ്രതിയെ വിചാരണ കൂടാതെ വെറുതെ വിട്ടു.
- 2019 ഓഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്‌ജി കെ. സനൽ കുമാർ പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചു.
- 2019 ആഗസ്റ്റ് 26 മുതൽ അഭയ കേസിന്‍റെ വിചാരണ 27 വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയിൽ ആരംഭിച്ചു.
- 2020 ഡിസംബർ പത്തിന് സിസ്റ്റർ അഭയ കൊലക്കേസിന്‍റെ വിചാരണ പൂർത്തിയായി.