തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ സിസ്റ്റര്‍ സെഫിയുടെ കന്യകാത്വ പരിശോധന നടത്തിയ പൊലീസ് സര്‍ജന്‍ ഡോ. രമയെ വീണ്ടും വിസ്‌തരിക്കാന്‍ സി.ബി.ഐ കോടതിയുടെ ഉത്തരവ്. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി ജഡ്‌ജി സനല്‍ കുമാറാണ് ഉത്തരവിട്ടത്.തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് ദീപ മോഹനാണ് പൊലീസ് സര്‍ജന്‍റെ വീട്ടില്‍ പോയി വീണ്ടും വിസ്‌തരിക്കുക. ചലനശേഷി നഷ്‌ടമായി കിടപ്പിലായതു കാരണം ഡോക്‌ടറെ കമ്മിഷന്‍ മുഖേന വിസ്‌തരിക്കണമെന്ന് സിബിഐ നേരത്തെ ഹര്‍ജി നല്‍കിയിരുന്നു. സിബിഐയുടെ ആവശ്യം പ്രതിഭാഗം എതിര്‍ത്തെങ്കിലും പ്രോസിക്യൂഷന്‍ അംഗീകരിച്ചു.
സിബിഐ പ്രത്യേക കോടതിയുടെ നിര്‍ദേശപ്രകാരം രമയുടെ കാലടിയിലുള്ള വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയിരുന്നത്. രണ്ടാംഘട്ട സാക്ഷി വിസ്‌താരത്തില്‍ ഇരുപത്തൊമ്പതാം സാക്ഷിയാണ് ഡോ. രമ. ഇതിനിടെ കേസില്‍ കൂറുമാറിയ സാക്ഷികളായ ത്രേസ്യാമ്മ, സി.സുദീപ എന്നിവരുടെ മൊഴി രേഖപ്പെടുത്തിയ ഡി.വൈ.എസ്.പി ഇ.പി സുരേഷ് കുമാറിനെ ഇന്ന് വിസ്‌തരിച്ചു. അഭയ കേസില്‍ ഇതുവരെ 37 സാക്ഷികളെ വിസ്‌തരിച്ചു. ഇതില്‍ 27 പേര്‍ പ്രോസിക്യൂഷനെ അനുകൂലിച്ചപ്പോള്‍ എട്ട് പേര്‍ പ്രതികളെ അനുകൂലിച്ചു. തുടര്‍സാക്ഷി വിസ്‌താരം അടുത്ത മാസം രണ്ടിന് പരിഗണിക്കും.