തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട കേസിന്‍റെ വിചാരണയ്ക്കിടെ ഇന്നും സാക്ഷികള്‍ പ്രതികള്‍ക്കനുകൂലമായി കൂറുമാറി. ഇതോടെ അഭയ കേസ് വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം ആറായി. കേസിലെ 53-ാം സാക്ഷി സിസ്റ്റര്‍ ആനി ജോണ്‍ ആണ് ഇന്ന് വിചാരണയ്ക്കിടെ ആദ്യം കൂറുമാറിയത്. സിസ്റ്റര്‍ അഭയ കൊല്ലപ്പെടുമ്പോള്‍ മദര്‍ സുപ്പീരിയറായിരുന്നു സിസ്റ്റര്‍ ആനി ജോണ്‍.
കോട്ടയം പയസ് ടെന്‍ത് കോണ്വെന്റില് സിസ്റ്റര്‍ അഭയയെ കാണാനില്ലെന്ന വിവരം അറിഞ്ഞ് താന്‍ അവിടെ എത്തി. ആ സമയം സിസ്റ്റര്‍ അഭയ താമസിച്ചിരുന്ന കോണ്വെന്റിലെ വാതിലിനു സമീപം ചെരുപ്പുകളും മഴുവും കണ്ടുവെന്ന് സിസ്റ്റര്‍ ആനി ജോണ്‍ 1993 സിഡംബര്‍ 21ന് സിബിഐക്ക് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യം താന്‍ ഓര്‍ക്കുന്നില്ലെന്ന് ഇന്ന് നടന്ന വിചാരണയില്‍ സിസ്റ്റര്‍ ആനി ജോണ്‍ പറഞ്ഞു.
കേസിലെ 40-ാം സാക്ഷി സിസ്റ്റര്‍ സുദീപയും ഇന്ന് കൂറുമാറി. സംഭവം നടക്കുമ്പോള്‍ സിസ്റ്റര്‍ അഭയയുടെ മുറിക്കു സമീപത്തായിരുന്നു സുദീപയുടെ മുറി. സംഭവം നടക്കുന്ന ദിവസം പുലര്‍ച്ചെ 4 മണിക്ക് പഠിച്ചു കൊണ്ടിരിക്കുമ്പോള്‍ ശക്തിയായി എന്തോ കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ടുവെന്നും കിണറിനു സമീപം അഭയയുടെ ശിരോവസ്‌ത്രം കണ്ടുവെന്നുമായിരുന്നു സുദീപ സിബിഐക്ക് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ ഈ മൊഴിയില്‍ നിന്ന് സുദീപ പിന്‍മാറി. ഇതോടെ രണ്ടു സാക്ഷികളും കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു.
കൂറുമാറുമെന്ന സംശയം മൂലം കേസിലെ 41-ാം സാക്ഷി സിസ്റ്റര്‍ കൊച്ചു റാണി, 42-ാം സാക്ഷി സിസ്റ്റര്‍ നവീന എന്നിവരെ സിബിഐ സാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കി. അഭയ കേസിൽ വിചാരണ ചൊവ്വാഴ്ചയും നടക്കും.