തിരുവനന്തപുരം: ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പ് മാത്രം മാറ്റി വെക്കാൻ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തോട് യോജിപ്പില്ലെന്ന് ചവറയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷിബു ബേബി ജോണ്‍. ഉപതെരഞ്ഞെടുപ്പ് മാറ്റി വെക്കുന്നതിനൊപ്പം തദ്ദേശഭരണ തെരഞ്ഞെടുപ്പും മാറ്റി വെക്കണമെന്നാണ് യു.ഡി.എഫിന്‍റെ ആവശ്യം. ഇപ്പോഴത്തെ ഉപതെരഞ്ഞെടുപ്പ് യുക്തിസഹമല്ല. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് കഷ്ടിച്ച് നാല് മാസം മാത്രമാണ് പ്രവർത്തിക്കാൻ ലഭിക്കുക. കെവിഡ് സാഹചര്യം തെരഞ്ഞെടുപ്പ് നടത്തുന്നതിന് അനുകൂലമല്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജനം വീടിന് പുറത്തിറങ്ങില്ല. എല്ലാ തെരഞ്ഞെടുപ്പുകളും മാറ്റി വെക്കണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. അതല്ലാതെ നിയമസഭാ ഉപതെരഞ്ഞെടുപ്പ് മാത്രം മാറ്റി വെക്കണം എന്ന് പറയുന്നത് വൈരുദ്ധ്യമാണെന്ന് ഷിബു ബേബി ജോണ്‍ ഇടിവി ഭാരതിനോട് പറഞ്ഞു.
ജോസ് കെ മാണി മുന്നണി വിട്ടു പോകണം എന്ന അഭിപ്രായം യു.ഡി.എഫിനില്ല. എന്നാല്‍ അച്ചടക്കമില്ലാത്ത ഒരു മുന്നണിയായി യു.ഡി.എഫിന് മുന്നോട്ടു പോകാനാകില്ല. യു.ഡി.എഫുമായി യോജിച്ച് പോകാനുള്ള താർപ്പര്യം പ്രകടിപ്പിക്കേണ്ടത് ജോസ് കെ മാണിയാണ്. അതല്ലാതെ നിസംഗതയോടെ മാറിനിന്ന ശേഷം ആരെങ്കിലും പുറകേ പോയി ജോസ് കെ മാണിയെ മുന്നണിയിലെത്തിക്കേണ്ട ആവശ്യ ഇപ്പോഴില്ല. തെരഞ്ഞെടുപ്പിന് മുമ്പ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് യു.ഡി.എഫിനില്ല. യു.ഡി.എഫിന്‍റേത് കൂട്ടായ നേതൃത്വമാണ്. നേതാവാരെന്ന് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് തീരുമാനിക്കും. ചവറയിലും കുട്ടനാട്ടിലും യു.ഡി.എഫ് വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും ഇടിവി ഭാരതിന് അനുവദിച്ച അഭിമുഖത്തില്‍ ഷിബു ബേബി ജോണ്‍ പറഞ്ഞു.