തിരുവനന്തപുരം : ഷിബു ബേബി ജോണ്‍ ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗമാണ് ഷിബു ബേബി ജോണിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കഴിഞ്ഞ ഒക്‌ടോബറില്‍ കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനത്തില്‍ തന്നെ സെക്രട്ടറി സ്ഥാനത്തേക്ക് വരാന്‍ ഷിബു ബേബി ജോണ്‍ താത്‌പര്യം പ്രകടിപ്പിച്ചിരുന്നു.
അതേസമയം എ എ അസീസ് പാര്‍ട്ടി കോണ്‍ഗ്രസ് വരെ തുടരാന്‍ താത്‌പര്യം പ്രകടിപ്പിച്ചു. ഇത് അംഗീകരിച്ച് ഷിബു ബോബി ജോണ്‍ മത്സരത്തിന് തയാറാകാതെ മാറി നില്‍ക്കുകയായിരുന്നു. ഈ ധാരണ പ്രകാരമാണ് ഇപ്പോള്‍ നേതൃമാറ്റമുണ്ടായിരിക്കുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച ശേഷം ജനിച്ച ഒരാള്‍ പാര്‍ട്ടി തലപ്പത്തെത്തി എന്ന പ്രത്യേകതയുമുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്തി യഥാര്‍ഥ ഇടത് പാര്‍ട്ടിയായി ആര്‍എസ്‌പിയെ നയിക്കുമെന്ന് ഷിബു ബേബി ജോണ്‍ പ്രതികരിച്ചു.
'ആളിന്‍റെ ബാഹുല്യത്തിലല്ല, ഇടതുപക്ഷ നിലപാടുകളിലെ വ്യതിചലനങ്ങളില്‍ തിരുത്തല്‍ ശക്തിയാണ് ആര്‍എസ്‌പി. ആ നിലയില്‍ തന്നെ മുന്നോട്ട് പോകും. ഇടതുപക്ഷ മുന്നണിയില്‍ പോയി ഓച്ഛാനിച്ച് നില്‍ക്കാന്‍ തയാറല്ല. അഭിപ്രായമുള്ള ഒരു ഇടതുപക്ഷ പാര്‍ട്ടിയായി ആര്‍എസ്‌പി തുടരും. എല്‍ഡിഎഫില്‍ നിന്നപ്പോള്‍ പാര്‍ട്ടിക്ക് ബലക്ഷയം ഉണ്ടായിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പിലും ഓരോന്നായി കവര്‍ന്നെടുക്കുകയാണ് എല്‍ഡിഎഫ് ചെയ്‌തത്. അതുകൊണ്ട് തന്നെ നിലനില്‍പ്പിനായാണ് മുന്നണി വിട്ടത്. വെല്ലുവിളികള്‍ മനസിലാക്കിയാണ് ആര്‍എസ്‌പി പാര്‍ട്ടികള്‍ യോജിച്ച് പ്രവര്‍ത്തിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കാറ്റ് എതിരായി. അതുകൊണ്ടെന്നും ആര്‍എസ്‌പി തകരില്ല. അതിവിദൂരമല്ലാത്ത ഭാവിയില്‍ പാര്‍ട്ടി നേട്ടമുണ്ടാക്കുമെന്നും' ഷിബു ബേബി ജോണ്‍ പറഞ്ഞു.
ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നേതൃമാറ്റത്തിലൂടെ കഴിയുമെന്നാണ് ആര്‍എസ്‌പിയുടെ കണക്കുകൂട്ടല്‍. പദവി ഒഴിഞ്ഞെങ്കിലും എ എ അസീസ് കേന്ദ്ര സെക്രട്ടറിയേറ്റ് അംഗമായി തുടരും. 2012 മുതല്‍ നാലുതവണ അസീസ് സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.