തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ സിപിഎം നേതാക്കളെ കടന്നാക്രമിച്ച് ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ (Shibu Baby John). വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തെ (monthly quota controversy) ന്യായീകരിക്കാൻ ഇറങ്ങിത്തിരിക്കുന്നവരുടെ മനക്കട്ടി സമ്മതിച്ചു കൊടുക്കണമെന്നും വിശദമായി പരിശോധിച്ചാൽ യഥാർഥത്തിൽ ഇവർ ലക്ഷ്യം വെക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ (Pinarayi Vijayan) തന്നെയാണെന്നും ഷിബു ബേബി ജോൺ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ മാത്യു കുഴൽനാടൻ എംഎൽഎ പുറത്തുകൊണ്ടുവന്ന ആരോപണങ്ങളിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് സിപിഎം (CPM) നേതാക്കൾ തന്നെയാണ്. സിപിഎമ്മിന്‍റെ ഉന്നത നേതാക്കന്മാർ അടക്കം ഇതിനെ ന്യായീകരിക്കാൻ ശ്രമിക്കുമ്പോൾ സഹതാപം തോന്നുകയാണ്.
ന്യായീകരിക്കാൻ ഇറങ്ങിത്തിരിക്കുന്നവരുടെ മനക്കട്ടി സമ്മതിച്ചു കൊടുക്കണം. എ കെ ബാലനും തോമസ് ഐസക്കും ന്യായീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇവർ ദല്ലാൾ പണിക്ക് ഏർപ്പെടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. കള്ളന് കഞ്ഞി വച്ചത് പോലെ എന്നാണ് ഇവരുടെ വിശദീകരണം കണ്ടപ്പോൾ ആദ്യം തോന്നിയത്.
വിശദമായി പരിശോധിച്ചാൽ യഥാർഥത്തിൽ ഇവർ ലക്ഷ്യം വെക്കുന്നത് പിണറായി വിജയനെ തന്നെയാണെന്ന് മനസിലാകും. സിപിഎമ്മിലെ അസംതൃപ്‌തരായവരെല്ലാവരും കൂടി ചേർന്ന് തന്നെയാണ് ഈ ന്യായീകരണം എന്ന നിലയിൽ പ്രസ്‌താവന നടത്തുന്നത്. അതുവഴി അവർ ലക്ഷ്യമിടുന്നത് പിണറായി വിജയനെയാണ്.
ഇത്തരത്തിൽ ഒരു ആക്ഷേപം ഉന്നയിച്ചാൽ പൊതു സമൂഹത്തിന് മുന്നിൽ മൗനം കൊണ്ട് അതിജീവിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ല. മറുപടി പറയാൻ തയ്യാറാകാതെയുള്ള സമീപനം അംഗീകരിച്ച് പോകാൻ പറ്റില്ല. ശാസ്ത്രീയമായിട്ടുള്ള പുതിയ അഴിമതിയുടെ മേഖല കണ്ടെത്തിയിരിക്കുകയാണെന്നാണ് അനുമാനിക്കേണ്ടത്.
സർക്കാർ സ്‌തംഭനാവസ്ഥയിലായിരിക്കുമ്പോഴും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് ദിനംപ്രതി അഴിമതിക്കഥകൾ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. എ കെ ബാലന്‍റെയും തോമസ് ഐസക്കിന്‍റെയും ഈ വിഷയത്തിലെ ന്യായീകരണം പിണറായിയെ രക്ഷിക്കാനുള്ളതല്ല, പ്രതിക്കൂട്ടിലാക്കാനുള്ളതാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
മാസപ്പടി വിവാദത്തിൽ ആർഎസ്‌പി (RSP) നാളെ തന്നെ മുഖ്യമന്ത്രിക്കെതിരെ ആർഎസ്‌പിക്ക് സ്വാധീനമുള്ള മേഖലകളിൽ കുറ്റപത്രം വായിച്ചുകൊണ്ട് ജനകീയ വിചാരണ നടത്തുമെന്നും ഷിബു ബേബി ജോൺ അറിയിച്ചു.