തിരുവനന്തപുരം: കഴിഞ്ഞ കുറച്ചുകാലങ്ങളായി കേരളത്തിന്‍റെ പൊതുജനാരോഗ്യ മേഖലയില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്തകള്‍ ഒട്ടും ആശ്വാസകരമല്ലെന്ന് ആര്‍എസ്‌പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. 'ആരോഗ്യ രംഗത്ത് നാം നേടി എന്ന് അഭിമാനിച്ചിരുന്ന നേട്ടങ്ങള്‍ ഓരോന്നായി നഷ്‌ടപ്പെടുത്തുക മാത്രമല്ല, ആകെ കുത്തഴിഞ്ഞ നിലയിലേക്ക് ആ രംഗത്തെ കൊണ്ടുചെന്ന് എത്തിച്ചിരിക്കുക കൂടിയാണ് സംസ്ഥാനത്തെ ഭരണകൂടവും അധികാരികളും. കോഴിക്കോട് ഓപ്പറേഷന്‍ കഴിഞ്ഞ രോഗി പോസ്റ്റ് ഓപ്പറേറ്റ് റൂമില്‍ വച്ച് പീഡിപ്പിക്കപ്പെട്ടതും കാസര്‍കോട് ലിഫ്റ്റ് മാസങ്ങളായി പ്രവര്‍ത്തന ക്ഷമമല്ലാത്തതു മൂലം നാലാം നിലയില്‍ നിന്നും മൃതദേഹങ്ങളെയും രോഗികളെയും ചുമന്നിറക്കേണ്ടി വന്ന ഗതികേടുണ്ടായതും ഈ കേരളത്തിലാണ്' -ഷിബു ബേബി ജോണ്‍ പ്രസ്‌താവനയില്‍ പറഞ്ഞു.
മരുന്ന് ക്ഷാമവും മരുന്ന് കമ്പനികളുടെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന സര്‍ക്കാര്‍ സംവിധാനവുമൊക്കെയായി ജനങ്ങള്‍ നട്ടംതിരിയുമ്പോള്‍ ഡോക്‌ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ അവസ്ഥയും വ്യത്യസ്‌തമല്ല. നാഥനില്ലാ കളരിയായ വകുപ്പില്‍ ജീവനക്കാര്‍ക്കു നേരെയുണ്ടാകുന്ന കയ്യേറ്റങ്ങളും തുടര്‍ക്കഥയാകുകയാണ്. സ്വന്തം വകുപ്പിലെ ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാന്‍ പോലും കെല്‍പ്പില്ലാത്ത വകുപ്പ് മന്ത്രിയുടെയും സര്‍ക്കാരിന്‍റെയും കെടുകാര്യസ്ഥതയുടെ ഇരയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ കൊല ചെയ്യപ്പെട്ട ഡോ. വന്ദന ദാസ്.
ഒട്ടേറെ സ്വപ്‌നങ്ങളുമായി എംബിബിഎസ് പാസായ ഒരു പെണ്‍കുട്ടി തന്‍റെ കരിയറിന്‍റെ തുടക്കകാലത്തു തന്നെ പൊലീസിന്‍റെയും സര്‍ക്കാരിന്‍റെയും നിഷ്‌ക്രിയത്വം മൂലം കൊല ചെയ്യപ്പെടുന്നത് സങ്കടകരമാണത്. എന്നിട്ടും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച സമ്മതിക്കാതെ, വളരെ നിരുത്തരവാദിത്തപരമായ പ്രതികരണമാണ് ആരോഗ്യമന്ത്രി നടത്തിയിരിക്കുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഡോക്‌ടര്‍മാര്‍ക്കും ആശുപത്രി ജീവനക്കാര്‍ക്കും എതിരെ നടന്ന അതിക്രമങ്ങളുടെ വാര്‍ത്തകള്‍ നമ്മെയാകെ ഞെട്ടിക്കുന്നതാണ്. നമ്മുടെ ആരോഗ്യ സംരക്ഷണത്തിന് നിയമിക്കപ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ഡോക്‌ടര്‍മാരുടെ ജീവന് ഒരു സുരക്ഷയുമില്ലാത്ത അവസ്ഥയാണിപ്പോള്‍. ഇങ്ങനെയൊരു ആരോഗ്യമന്ത്രി രാജിവച്ച് ഒഴിയുകയാണ് കേരളത്തിന്‍റെ ആരോഗ്യ രംഗത്തിന് അഭികാമ്യം. ആരോഗ്യ വകുപ്പിനു വേണ്ടി വീണ ജോര്‍ജിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സംഭാവനയും അതുതന്നെയാകുമെന്നും ഷിബു ബേബി ജോണ്‍ പറഞ്ഞു.
ഇന്നലെ പുലര്‍ച്ചെയാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്‍ജന്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടത്. കൊല്ലത്ത് അധ്യാപകനായിരുന്ന സന്ദീപ് ആണ് വന്ദനയെ കൊലപ്പെടുത്തിയത്. അടിപിടി കേസില്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്ത സന്ദീപിനെ ആശുപത്രിയില്‍ ചികിത്സയ്‌ക്കായി എത്തിച്ചപ്പോഴായിരുന്നു ആക്രമണം.
11 കുത്താണ് വന്ദനയ്‌ക്ക് ഏറ്റത്. മുതുകിലും തലയിലും ഏറ്റ കുത്തുകളാണ് മരണകാരണം. ആശുപത്രിയില്‍ ഉപയോഗിക്കുന്ന സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ചായിരുന്നു ആക്രമണം. വന്ദനയെ കൂടാതെ പൊലീസുകാര്‍ക്കും കുത്തേറ്റിട്ടുണ്ട്. കൊല്ലപ്പെട്ട വന്ദനയുടെ സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.