തിരുവനന്തപുരം: എഐസിസി പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും മിന്നും പ്രകടനം കാഴ്‌ചവച്ച ശശി തരൂര്‍ സംസ്ഥാന രാഷ്‌ട്രീയത്തില്‍ സജീവമാകുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തം. ഈ മാസം 20 മുതല്‍ തരൂര്‍ നടത്തുന്ന മലബാര്‍ പര്യടനമാണ് ഈ അഭ്യൂഹങ്ങള്‍ ശകതമാക്കുന്നത്. സുധാകരന്‍റെ ആര്‍എസ്എസ് അനുകൂല പ്രസ്‌താവനകളില്‍ അസ്വസ്ഥമായി നില്‍ക്കുന്ന മുസ്‌ലിം ലീഗിന്‍റെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ കാണാന്‍ 22ന് തരൂര്‍ പാണക്കാട്ടേക്ക് എത്തുന്നതാണ് ചര്‍ച്ചകളെ ഈ വഴിയിലേക്കു നയിക്കുന്നത്.
പാണക്കാട് തറവാട്ടിലെത്തുന്ന തരൂര്‍ സാദിഖലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചര്‍ച്ച നടത്തും. പെരിന്തല്‍മണ്ണ എംഎല്‍എ നജീബ് കാന്തപുരം മുന്‍കൈ എടുത്ത് മുസ്‌ലിം ലീഗിന്‍റെ ആശീര്‍വാദത്തോടെ ആരംഭിച്ച സിവില്‍ സര്‍വിസ് അക്കാദമിയുടെ ഉദ്ഘാടനത്തില്‍ മുഖ്യാതിഥിയും തരൂരാണ്. ഇതിനു പുറമെ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രമുഖ വ്യക്തികളുമായും തരൂര്‍ ആശയവിനിമയം നടത്തും.
യുഡിഎഫ്, കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ ഏറെ ആകാംക്ഷയോടെ വീക്ഷിക്കുന്ന ഈ സന്ദര്‍ശനത്തിനു പിന്നാലെ 14 ജില്ലകളിലും പ്രചാരണ പരിപാടിക്കും തരൂര്‍ ആലോചിക്കുന്നു. ബിജെപിക്കും പ്രത്യേകിച്ചും നരേന്ദ്ര മോദിക്കുമെതിരെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന വിമര്‍ശകനായ തരൂരിനോട് ലീഗിന് തുടക്കം മുതലേ പ്രത്യേക മമതയുണ്ട്. യൂത്ത് ലീഗിന്‍റെയും എംഎസ്എഫിന്‍റെയും നിരവധി പരിപാടികളില്‍ ഉദ്ഘാടകനായും മുഖ്യാതിഥിയായും തരൂരിനെ നേരത്തെ ലീഗ് പങ്കെടുപ്പിച്ചത് ഈ പശ്ചാത്തലത്തിലാണ്.
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തരൂരിനെ കൂടുതല്‍ പ്രയോജനപ്പെടുത്തണം എന്ന അഭിപ്രായം ദീര്‍ഘകാലമായി ലീഗ്, കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടുകയുമാണ്. തരൂരിന്‍റെ സാന്നിധ്യം വരുന്ന ലോക്‌സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കേരളത്തിലെ യുഡിഎഫിന് ഗുണം ചെയ്യുമെന്ന വിലയിരുത്തലിലുമാണ് കോണ്‍ഗ്രസ്. ഈ മാസം 20 ന് കോഴിക്കോട് എത്തുന്ന തരൂര്‍ വിഖ്യാത എഴുത്തുകാരന്‍ എം ടി വാസുദേവന്‍ നായരുമായുള്ള കൂടിക്കാഴ്‌ചയോടെയാണ് പര്യടനത്തിനു തുടക്കമിടുന്നത്.
കേരളത്തില്‍ തരൂരിന്‍റെ വിശ്വസ്‌തനും കോഴിക്കോട് എംപിയുമായ എം കെ രാഘവന്‍ ആണ് തരൂരിന്‍റെ മലബാര്‍ പര്യടനത്തിന് ചുക്കാന്‍ പിടിക്കുന്നത്. രോഗബാധിതനായി ചികിത്സയില്‍ കഴിയുന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെയും ശശി തരൂര്‍ സന്ദര്‍ശിക്കും.