തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് കോൺഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുന്നത് നേരത്തെയാക്കുമെന്നും അവസാന നിമിഷത്തിൽ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നത് ശരിയല്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം പി (Shashi Tharoor about Lok Sabha elections).
ഇക്കാര്യം താൻ നേരത്തെയും ചൂണ്ടിക്കാണിച്ചതാണ്. പുതുമുഖമല്ല പ്രശ്‌നം, സമയമാണ് പ്രശ്‌നം. സ്ഥാനാർത്ഥിത്വം നേരത്തെ പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കും. കോൺഗ്രസ് ഇത്തവണ നേരത്തെ ആക്ഷൻ എടുത്തിട്ടുണ്ട്. അത് നല്ലൊരു തീരുമാനമാണെന്നും ശശി തരൂർ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനത്തെയും തരൂർ വിമർശിച്ചു.
ബിജെപി അവരുടെ രാഷ്ട്രീയം കളിക്കുകയാണ്. കുറച്ചു മാസങ്ങൾ നമ്മൾ അത് സഹിക്കേണ്ടിവരും. പ്രധാനമന്ത്രി വന്നതിന്‍റെ മര്യാദ ജനങ്ങൾ കാണിച്ചു. അദ്ദേഹം പറഞ്ഞത് രാഷ്ട്രീയമായിത്തന്നെ ജനങ്ങൾ കാണുമെന്നും ശശി തരൂർ പറഞ്ഞു. രാമക്ഷേത്രം പ്രതിഷ്‌ഠ ചടങ്ങിൽ വ്യക്തികളെയാണ് ക്ഷണിച്ചിരിക്കുന്നത്. അത് വ്യക്തികൾ തീരുമാനിക്കും.
സർക്കാരിന്‍റെ ഇടപെടൽ ആവശ്യമുണ്ടോ എന്ന് അറിയില്ല. അവർ അങ്ങനെ ചെയ്തെങ്കിൽ ചെയ്യട്ടെ. പാർട്ടിയുടെ തീരുമാനം അല്ല ഇത്. 22 വരെ സമയമുണ്ടല്ലോയെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര നല്ലൊരു യാത്രയാകും. കഴിഞ്ഞ തവണയും അത് കണ്ടതാണ്. ജനങ്ങൾ നല്ല രീതിയിൽ സ്വീകരിച്ചു. യാത്ര തെരഞ്ഞെടുപ്പിനും കോൺഗ്രസിനും ഗുണം ചെയ്യുമെന്നും ശശി തരൂർ കൂട്ടിച്ചേർത്തു.
ALSO READ: 'ലോക്‌സഭ തെരഞ്ഞെടുപ്പിൽ മോദിയെ ഹിന്ദു ഹൃദയ സാമ്രാട്ടായി ബിജെപി അവതരിപ്പിക്കും': ശശി തരൂർ എംപി
അതേസമയം 2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ ഹിന്ദു ഹൃദയ സാമ്രാട്ടായി ബിജെപി ഉയർത്തിക്കാട്ടുമെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി പരാമര്‍ശിച്ചിരുന്നു. ജനുവരി 22 ന് അയോധ്യയിലെ രാമക്ഷേത്രവും ഫെബ്രുവരി 14 ന് അബുദാബിയിലെ ബിഎപിഎസ് ഹിന്ദുക്ഷേത്രവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നും അതിനുശേഷം പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നും ശശി തരൂർ എക്‌സിൽ കുറിച്ചിരുന്നു.