തിരുവനന്തപുരം : എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് താനും മല്ലികാർജുൻ ഖാർഗെയുമായി നടക്കുന്നത് അതിശക്തമായ മത്സരമെന്ന് ശശി തരൂർ എം.പി. പുറമെ മത്സരം സൗഹൃദമെന്ന് തോന്നുമെങ്കിലും ഉള്ളിൽ അങ്ങനെയല്ല. പല സംസ്ഥാനങ്ങളിൽ നിന്നും തനിക്ക് പിന്തുണ അറിയിച്ച് വിളിക്കുന്നവരുടെ എണ്ണം സൂചിപ്പിക്കുന്നത് അതാണ്.
ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ പി.സി.സി ഔദ്യോഗിക നേതൃത്വം മാറി നിന്നെങ്കിലും വോട്ടർമാരുടെ പിന്തുണ വളരെ വലുതാണ്. അതുകൊണ്ട് അന്തിമ ഫലം പുറത്തുവരും വരെ ഒന്നും പ്രവചിക്കുക സാധ്യമല്ലെന്ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനിൽ വോട്ടുരേഖപ്പെടുത്തിയ ശേഷം തരൂർ പറഞ്ഞു. ഈ മത്സരം തൻ്റെ ഭാവിക്കുവേണ്ടിയുള്ളതല്ല, കോൺഗ്രസിൻ്റെ ഭാവിക്കുവേണ്ടിയാണ്.
അതുകൊണ്ട് നാളെ തൻ്റെ ഭാവി എന്താകും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. ഇന്ന് മത്സരം അവസാനിച്ചുകഴിഞ്ഞാലുടൻ എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കും. ഇത് 2024 ലെ തിരഞ്ഞെടുപ്പിൽ രാജ്യത്തെ രക്ഷിക്കുന്നതിന് വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ്.
ഗാന്ധി കുടുംബം മത്സരിക്കില്ലെന്നും അവർക്ക് ഔദ്യോഗിക സ്ഥാനാർഥി ഇല്ലെന്നും അറിയിച്ച ശേഷം സോണിയ ഗാന്ധിയുടെ അനുമതിയോടെയാണ് താൻ ഇറങ്ങിയത്. പരസ്യമായ പ്രചാരണം പാടില്ലെന്ന തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ പെരുമാറ്റ ചട്ടം മിക്ക പി.സി.സികളും ലംഘിച്ചുവെന്നും തരൂർ പറഞ്ഞു.