തിരുവനന്തപുരം: പെൺസുഹൃത്ത് കൊടുത്ത പാനീയം കുടിച്ചതിന് പിന്നാലെ പാറശാലയിലെ യുവാവ് മരണപ്പെട്ടെന്ന ആരോപണം ഉയർന്ന സംഭവം പ്രത്യേക പൊലീസ് സംഘം അന്വേഷിക്കുമെന്ന് റൂറല്‍ എസ്‌പി ഡി ശിൽപ. ലോക്കൽ പൊലീസിൽ നിന്നും ജില്ല ക്രൈംബ്രാഞ്ചിന് കേസ് കൈമാറി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോൺസൺ അന്വേഷണത്തിന് മേൽനോട്ടം നൽകുമെന്നും റൂറല്‍ എസ്‌പി പറഞ്ഞു.
മരണവുമായി ബന്ധപ്പെട്ട എല്ലാവശവും പ്രത്യേക സംഘം പരിശോധിക്കും. ഷാരോണിന് കഷായം നൽകിയെന്ന് പറയുന്ന പെൺകുട്ടിയുടെ മൊഴി പ്രത്യേക സംഘം ആവശ്യമെങ്കിൽ പരിശോധിക്കും. 19നാണ് ഷാരോൺ സുഹൃത്തിൻ്റെ വീട്ടിലെ കഷായം കുടിച്ച കാര്യം ഡോക്‌ടറെ അറിയച്ചത്. ഇതിന് മുമ്പ് രണ്ട് ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും ഇക്കാര്യം പറഞ്ഞിരുന്നില്ല.
പൊലീസ് ഇക്കാര്യം അറിഞ്ഞ ഉടൻ മജിസ്ട്രേറ്റിന് മുന്നിൽ മൊഴി രേഖപ്പെടുത്തി. ഇതിൽ കഷായവും ജ്യൂസും കുടിച്ച കാര്യം പറഞ്ഞെങ്കിലും ആരേയും സംശയമുണ്ടെന്ന് പറഞ്ഞിട്ടില്ല. പോസ്റ്റ്‌മോർട്ടത്തിലും മരണ കാരണം വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് വിശദമായ രാസപരിശോധനയും ആന്തരികാവയവങ്ങളുടെ പരിശോധനയും നടത്താൻ അപേക്ഷ നൽകിയത്.
ഇത് ലഭിച്ച ശേഷം എല്ലാ വശവും പരിശോധിക്കും. ഇതിനായി പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും എസ്‌പി വ്യക്തമാക്കി. യുവാവ് കഴിച്ച കഷായത്തിൻ്റേതും ജ്യൂസിൻ്റേതും എന്ന് സംശയിക്കുന്ന എല്ലാ സാംപിളുകളും ശേഖരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ തമിഴ്‌നാടിൻ്റെ സഹായം തേടുമെന്നും റൂറൽ എസ്‌പി വ്യക്തമാക്കി.