തിരുവനന്തപുരം: പാറശ്ശാല ഷാരോൺ വധക്കേസിൽ അറസ്റ്റിലായ പ്രതികളുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. കേസിലെ മുഖ്യപ്രതി ഗ്രീഷ്‌മയുടെ അമ്മ സിന്ധു, അമ്മാവൻ നിര്‍മൽ കുമാര്‍ എന്നിവരെയാണ് രാമ വര്‍മൻ ചിറയിലെ ഗ്രീഷ്‌മയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. സംഭവ ദിവസം ഷാരോൺ രാജ് ധരിച്ച വസ്ത്രം ഫോറൻസിക് പരിശോധനയ്ക്കായി കുടുംബം അന്വേഷണ സംഘത്തിന് കൈമാറും.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസിയുവിലുള്ള രേഷ്‌മയെ ഇന്നലെ രാത്രിയാണ് റിമാൻഡ് ചെയ്തത്. ഗ്രീഷ്‌മയെ ആശുപത്രി സെല്ലിലേക്കോ ജയിലിലേക്കോ മാറ്റാനാണ് സാധ്യത. ഗ്രീഷ്‌മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണ സംഘം കോടതിയിൽ സമര്‍പ്പിക്കും.
അതേസമയം കേസിൽ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനാണ് ഗ്രീഷ്‌മയുടെ അമ്മ സിന്ധുവിനെയും അമ്മാവൻ നിര്‍മൽ കുമാറിനെയും പ്രതിചേര്‍ത്തത്. ഷാരോണിന്‍റെ മരണ വാര്‍ത്ത അറിഞ്ഞതോടെ ഗ്രീഷ്‌മയെ സംശയിച്ച ഇരുവരും ഇതുസംബന്ധിച്ച് വിവരം ചോദിച്ചറിഞ്ഞിരുന്നു. എന്നാല്‍ ഗ്രീഷ്‌മ വിഷം നൽകിയ കാര്യം പറഞ്ഞില്ലെങ്കിലും കഷായം നൽകിയതായി ഇരുവരോടും പറഞ്ഞിരുന്നു.
ഇതിന് പിന്നാലെയാണ് അമ്മയും അമ്മാവനും തെളിവുകൾ നശിപ്പിച്ചത്. കഷായത്തിന്‍റെ കുപ്പിയടക്കം നശിപ്പിച്ചിട്ടുണ്ട്. ഇരുവരെയും പൊലീസ് വിശദമായി ചോദ്യം ചെയ്‌തിരുന്നു. ഗ്രീഷ്‌മയുടെ അച്ഛനെയും മറ്റൊരു ബന്ധുവിനെയും ഒരു വട്ടം കൂടി ചോദ്യം ചെയ്യും.