തിരുവനന്തപുരം: എൻഎസ്എസിന്‍റെ ശരിദൂരം സംബന്ധിച്ച് നിലപാട് വ്യക്തമാക്കി കേരള കോൺഗ്രസ് (ബി). ശരിദൂരം സുകുമാരൻനായരുടെ വ്യക്തിപരമായ അഭിപ്രായം ആണോ അതോ സംഘടനയുടെ നിലപാടാണോ എന്ന് തനിക്ക് വ്യക്തമല്ലെന്ന് ആർ ബാലകൃഷ്ണപിള്ള പറഞ്ഞു. എൻഎസ്എസിന്റെ മുതിർന്ന നേതാവ് കൂടിയായ തന്നോട് അത് സംബന്ധിച്ച് ആലോചിക്കുകയോ നിർദേശം നൽകുകയോ ചെയ്തിട്ടില്ല. അതേസമയം ഉപതെരഞ്ഞെടുപ്പിൽ എൻഎസ്എസ് നേരിട്ട് വോട്ട് പിടിച്ചതായി അറിയില്ലെന്നും പിള്ള പറഞ്ഞു.
ശബരിമല വിഷയം വഷളാക്കിയത് ബിജെപിയാണ്. വിശ്വാസമുള്ളവർക്ക് ശബരിമലയിൽ പോകാം. എന്നാൽ ആചാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സർക്കാരോ കോടതിയോ ഇടപെടുന്നത് ശരിയല്ല. മാവോയിസ്റ്റുകൾ സമൂഹത്തിന് അപകടമാണ്. അവർക്കെതിരായ സർക്കാരിന്‍റെയും പൊലീസിന്‍റെയും നിലപാട് ശരിയാണ്. ഇത്തരക്കാർ സിപിഎമ്മിലേക്ക് കടന്നു കയറിയത് രാഷ്ട്രീയ പാർട്ടികൾ ജാഗ്രത പാലിക്കണം എന്നതിന്റെ സൂചനയാണ്.
കേരള കോൺഗ്രസ് ജോസ്- ജോസഫ് വിഭാഗങ്ങളിൽ ആരാണ് ശരിയെന്ന ചോദ്യത്തിന് ഇരു വിഭാഗങ്ങളും ഗുണമില്ലെന്ന് പിള്ള മറുപടി നൽകി. ചതിയിലൂടെ ഉണ്ടായ പാർട്ടി എരിഞ്ഞു തീരുന്നതാണ് കാണുന്നത്. പൊട്ടനെ ചെട്ടി ചതിച്ചാൽ ചെട്ടിയെ ദൈവം ചതിക്കുമെന്നും പിള്ള പറഞ്ഞു.