തിരുവനന്തപുരം: പീഡന ശ്രമം എതിർത്തതിനെ തുടർന്ന് കടയ്ക്കാവൂർ സ്വദേശിയായ വീട്ടമ്മ ശാരദയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ജൂലൈ 19ന് ശിക്ഷ വിധിക്കും. കടയ്ക്കാവൂർ, കീഴാറ്റിങ്ങൽ അപ്പുപ്പൻനട ക്ഷേത്രത്തിന് സമീപം ചുരുവിള പുത്തൻവീട്ടിൽ മണികണ്ഠനെയാണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
കുറ്റകരമായ കൈയേറ്റം, കൊലപാതകം എന്നീ വകുപ്പുകളാണ് പ്രതിക്കെതിരെ തെളിയിക്കപ്പെട്ടത്. തിരുവനന്തപുരം ആറാം അഡിഷണൽ സെഷൻസ് കോടതിയിലാണ് വിചാരണ പരിഗണിച്ചത്.
കടയ്ക്കാവൂർ ശാരദ കൊലപാതകം
2016 ഡിസംബർ ഒമ്പതിനാണ് സംഭവം. കൊല്ലപ്പെട്ട ശാരദ ഭർത്താവിൻ്റെ മരണത്തെ തുടർന്ന് ഒറ്റയ്ക്ക് താമസിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഒൻപത് മണിക്ക് പ്രതി വെള്ളം ആവശ്യപ്പെട്ട് ശാരദയുടെ വീട്ടിൽ പ്രവേശിച്ച് പീഡനത്തിന് ശ്രമിച്ചു. ഇത് എതിർത്ത ശാരദ നിലവിളിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തപ്പോൾ പ്രതിയുടെ കൈവശം ഉണ്ടായിരുന്ന കത്തി കൊണ്ട് ശാരദയുടെ നെഞ്ചിൽ കുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്.
ദൃക്‌സാക്ഷികൾ ഇല്ലാത്ത ശാരദ കൊലക്കേസിൽ സാഹചര്യ തെളിവുകളും, ശാസ്‌ത്രീയ തെളിവുകളുമാണ് പ്രോസിക്യൂഷൻ കോടതയിൽ ഹാജരാക്കിയത്. 32 സാക്ഷികൾ, 49 രേഖകൾ, 21 തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കടയ്ക്കാവൂർ പൊലീസാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീൻ ഹാജരായി.
READ MORE: ശാരദ കൊലക്കേസ് വിചാരണ പൂർത്തിയായി ; അന്തിമ വാദം വ്യാഴാഴ്‌ച