തിരുവനന്തപുരം: കടൽക്ഷോഭത്തിൽ തീരം പൂർണമായും നഷ്‌ടപ്പെട്ട് സഞ്ചാരികളാൽ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു തിരുവനന്തപുരത്തെ ശംഖുമുഖം തീരം. നഗരവാസികൾ സായാഹ്‌നത്തിലും വാരാന്ത്യത്തിലും ഒത്തുകൂടിയിരുന്ന ഇവിടം ആളൊഴിഞ്ഞ് കിടക്കുകയായിരുന്നു. തീരവും സഞ്ചാരികൾക്കായുള്ള അനുബന്ധ നിർമാണങ്ങളും, എന്തിന് സമീപത്തെ റോഡ് പോലും കടൽ കവർന്ന അവസ്ഥ.
കണ്ണടച്ച് തുറക്കും മുമ്പായിരുന്നു ഈ മനോഹര തീരത്തിന്‍റെ നഷ്‌ടപ്പെടൽ. ഇതിനു പിന്നിൽ കാലാവസ്ഥ വ്യതിയാനവും വിഴിഞ്ഞം തുറമുഖ നിർമാണവും ആണെന്ന തരത്തില്‍ വാദപ്രതിവാദങ്ങൾ നടക്കുകയാണ്. ഇതിനിടയിലാണ് പ്രകൃതിയുടെ മറ്റൊരു അത്‌ഭുതം സംഭവിച്ചത്.
പൂർണമായല്ലെങ്കിലും ചെറിയ രീതിയിൽ ശംഖുമുഖത്ത് തീരം തിരികെയെത്തി. സഞ്ചാരികളുടെ വരവിലും ഇത് ചെറിയ തോതില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. കടലിന്‍റെ ഭംഗി ആവോളം അറിഞ്ഞും, തിരമാലയിൽ ഉല്ലസിച്ചും ആഘോഷമാക്കുകയാണ് കടല്‍ കാണാന്‍ എത്തിയവർ.
ഇതോടെ കളിപ്പാട്ടം ഉൾപ്പെടെ വിൽക്കുന്നവരും തീരത്ത് സജീവമായി തുടങ്ങി. കടല്‍ പ്രക്ഷുബ്‌ധമായതിനാൽ കടലിൽ ഇറങ്ങാൻ സഞ്ചാരികള്‍ക്ക് അനുമതിയില്ല. സ്‌കൂളുകൾ അടച്ചതോടെ ക്രിസ്‌മസ്, ന്യൂ ഇയർ ആഘോഷങ്ങൾക്കായി ഇവിടേക്ക് കൂടുതൽ പേർ എത്തുമെന്ന് ഉറപ്പാണ്.