തിരുവനന്തപുരം : ഗവർണറുടെ ആരാധകവൃന്ദമല്ല പ്രതിപക്ഷമെന്നും സർവകലാശാല വിഷയങ്ങളിൽ സർക്കാർ ആത്മാർഥത തെളിയിക്കണമെന്നും ഷാഫി പറമ്പിൽ എംഎൽഎ. സർവകലാശാല നിയമഭേദഗതി ബില്ലിൽ സഭയില്‍ വിയോജിപ്പ് രേഖപ്പെടുത്തി സംസാരിക്കുമ്പോഴാണ് ഗവർണറേയും സർക്കാറിനേയും ഷാഫി പറമ്പിൽ രൂക്ഷമായി വിമർശിച്ചത്. രാജ്‌ഭവൻ ക്ലിഫ് ഹൗസ് അഴിമതി ഇടനാഴിയിൽ പ്രതിപക്ഷമില്ല.
ഗവർണറെ വിമർശിക്കേണ്ടിടത്ത് അത് ചെയ്യും. എന്നാൽ ഗവർണറുടെ പേര് പറഞ്ഞ് സർവകലാശാലകളിലെ അനധികൃത ഇടപെടൽ അനുവദിക്കാൻ കഴിയില്ല. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പദവി പോലെ 14 ചാൻസലർ എന്നത് അനാവശ്യമാണ്. പാർട്ടിക്കാരുടെ ബന്ധുക്കളെ പിൻവാതിലിലൂടെ നിയമിക്കുന്നത് നോക്കി നിൽക്കാൻ കഴിയില്ല.
പിൻവാതിൽ നിയമനത്തിന് ലോകകപ്പ് നടത്തിയാൽ പിണറായി സർക്കാർ കിരീടം ഉയർത്തുമെന്നും ഷാഫി പറഞ്ഞു. കെ ആർ നാരായണൻ്റെ പേരിലുള്ള സർവകലാശാലകളിലടക്കം ദളിത് വിദ്യാർഥികൾ ജാതി വിവേചനം അനുഭവിക്കുകയാണ്. ഉന്നത വിദ്യാഭ്യാസ വകുപ്പ് ഇതില്‍ ഒന്നും ചെയ്‌തില്ലെന്നും എംഎൽഎ പറഞ്ഞു.
ഇതിനെതിരെ എതിർപ്പുമായി മന്ത്രി പി രാജീവ് രംഗത്തെത്തി. ബില്ലിൻ്റെ ഉള്ളിൽ നിന്ന് സംസാരിക്കണമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഈ പരാമർശത്തെ രമേശ് ചെന്നിത്തല എതിർത്തു. ഇടപെടൽ നടത്താതെ, തെറ്റായ നടപടികൾ പറയുമ്പോൾ അത് തടസപ്പെടുത്തരുതെന്ന് ഷാഫി ആവശ്യപ്പെട്ടു.