തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളജില്‍ എസ്എഫ്ഐ - കെഎസ്‌യു പ്രവർത്തകർ ഏറ്റുമുട്ടി. സംഘർഷത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഘർഷത്തിന്‍റെ തുടക്കം. ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്‍റെ തുടർച്ചയാണ് വിദ്യാർഥികൾ തമ്മിൽ ഇന്നും ഏറ്റുമുട്ടലുണ്ടായത്. ആയുധങ്ങളുമായി എത്തിയ കെഎസ്‌യു പ്രവർത്തകർ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ജിഷ്ണു എസ് നാഥ് ഉൾപ്പെടെയുള്ള വിദ്യാർഥികളെ മർദിച്ചുവെന്നാണ് പരാതി.
പൊലീസ് എത്തിയതോടെയാണ് സംഘർഷം അവസാനിച്ചത്. സംഘർഷത്തിൽ പരിക്കേറ്റ യൂണിറ്റ് സെക്രട്ടറി ഉൾപ്പടെ ഏഴ് എസ്എഫ്ഐ പ്രവർത്തകരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കെഎസ്‌യു പ്രവർത്തകരായ അർജുൻ ബാബു, നിഖിൽ ആർ ടി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവരെത്തിയ കാറിൽ നിന്ന് ഹോക്കി സ്റ്റിക്കും മദ്യക്കുപ്പിയും കണ്ടെത്തി. റാഗിങ്ങുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചുവെന്ന് കോളജ് പ്രിൻസിപ്പൽ പറഞ്ഞു. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ലോ കോളജ് ഒരാഴ്ചത്തേക്ക് അടച്ചു.