തിരുവനന്തപുരം: കാട്ടാക്കട ക്രിസ്ത്യൻ കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ആൾമാറാട്ടം നടത്തിയ സംഭവത്തിൽ പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജുവിനെ സസ്‌പെൻഡ് ചെയ്‌തു. പ്രിൻസിപ്പൽ ചുമതലയിൽ നിന്ന് ഷൈജുവിനെ നീക്കണമെന്ന് സർവകലാശാല കോളേജ് മാനേജ്മെന്‍റിന് നിർദേശം നൽകിയിരുന്നു. ഈ നിർദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം.
ഇന്നലെ കോളേജ് പ്രിൻസിപ്പൽ ഡോ. ജി ജെ ഷൈജുവിന്‍റെ അംഗീകാരം റദ്ദാക്കി സർവകലാശാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കടുത്ത നടപടിയിലേക്ക് മാനേജ്മെന്‍റും കടക്കുന്നത്. പകരം ഡോ. എൻ കെ നിഷാദ് ആകും പുതിയ പ്രിൻസിപ്പൽ. കൊമേഴ്‌സ് ഡിപ്പാർട്ട്മെന്‍റിലെ പ്രൊഫസറാണ് എൻ കെ നിഷാദ്.
അതേസമയം സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഷൈജുവിനെ ഒന്നാം പ്രതിയും എസ്എഫ്ഐ നേതാവ് വിശാഖിനെ രണ്ടാം പ്രതിയുമാക്കി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോളേജിൽ എത്തി പൊലീസ് തെരഞ്ഞെടുപ്പ് രേഖകൾ ഇന്ന് പരിശോധിക്കും. ഇതിനൊപ്പം തന്നെ വിഷയത്തിൽ പരസ്യപ്രതികരണം നൽകരുതെന്ന് എംഎൽഎമാരായ ഐ ബി സതീശിനും ജി സ്റ്റീഫനും പാർട്ടി നിർദേശം നൽകി. വിഷയത്തിൽ തങ്ങൾക്കെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിൽ പാർട്ടി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇരുവരും പാർട്ടിക്ക് കത്ത് നൽകി.
Also Read: എസ്‌എഫ്‌ഐ ആൾമാറാട്ടം: അന്വേഷിക്കാൻ കമ്മിഷനെ നിയമിച്ച് സിപിഎം
ഇതേതുടർന്ന് ഡികെ മുരളി, പുഷ്‌പലത എന്നിവർ ഉൾപ്പെടുന്ന അന്വേഷണ കമ്മിഷനെ തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് നിയോഗിച്ചു. കോളേജ് മാനേജ്മെന്‍റും മൂന്നംഗ സമിതിയെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. ഡിസംബറിലാണ് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അനഘയും രണ്ടാം വര്‍ഷ ബിഎസ്‌സി ഫിസിക്‌സ് വിദ്യാര്‍ഥി ആരോമലും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലർമാരായി (യുയുസി) ജയിച്ചത്. എന്നാല്‍ കോളജില്‍ നിന്ന് കൗണ്‍സിലര്‍മാരുടെ പേരുകള്‍ യൂണിവേഴ്‌സിറ്റിയിലേക്ക് നല്‍കിയപ്പോള്‍ അനഘയ്‌ക്ക് പകരം വിശാഖിന്‍റെ പേര് ചേർത്തതാണ് വിവാദങ്ങൾക്ക് വഴിവച്ചത്.
വിശാഖിനെ കേരള സര്‍വകലാശാല യൂണിയന്‍ ചെയര്‍മാന്‍ പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് ആള്‍മാറാട്ടം നടത്തിയതെന്നാണ് സംഭവവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രധാന ആരോപണം. ഈ വരുന്ന 26നാണ് സര്‍വകലാശാല യൂണിയന്‍ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. കോളജുകളില്‍ നിന്നും ജയിച്ചുവരുന്ന യുയുസിമാരില്‍ നിന്നാണ് ഭാരവാഹികളെ തെരഞ്ഞെടുക്കുക.
171 യുയുസിമാരാണ് കേരള സര്‍വകലാശാലയില്‍ ഉള്ളത്. സർവകലാശാലയ്‌ക്ക് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവർത്തിയാണ് ഈ സംഭവത്തിലൂടെ നടന്നതെന്നും വിശ്വാസ്യത തിരിച്ച് പിടിക്കുമെന്നും കേരള സർവകലാശാല വൈസ് ചാൻസലർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. പ്രിൻസിപ്പൽ ഷൈജുവിനെതിരെയും എസ്‌എഫ്‌ഐ ഏരിയ സെക്രട്ടറി വിശാഖിനെതിരെയും ആൾമാറാട്ട കേസ് സംബന്ധിച്ച് പരാതി നൽകുമെന്നും വൈസ് ചാൻസലർ പ്രതികരിച്ചിരുന്നു. അതേസമയം പ്രിൻസിപ്പൽ ഷൈജുവിനെതിരെ പിടിഎ ഫണ്ടിൽ നിന്ന് പണം തട്ടിയെന്ന പരാതിയുമായി സഹപ്രവർത്തകൻ രംഗത്ത് വന്നിരുന്നു.
Also Read: ആര്യൻ ഖാനെതിരായ വ്യാജ ലഹരിക്കേസ്: സിബിഐ എഫ്‌ഐആറിനെതിരായ സമീർ വാങ്കഡെയുടെ ഹർജി ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും