തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ അധ്യാപിക ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ കൃത്യവിലോപത്തിന് കണ്ടക്‌ടർ ജാഫറിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. സഹയാത്രികനെതിരെ യുവതി പരാതി നൽകിയിട്ടും കൃത്യമായ ഇടപെടൽ നടത്താനോ, നിയമസഹായം നൽകാനോ കണ്ടക്‌ടർ തയാറായില്ല. യുവതിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനാൽ കണ്ടക്‌ടർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സംഭവ ദിവസം കെഎസ്ആർടിസി വിജിലൻസ് ഡയറക്‌ടർക്ക് നിർദേശം നൽകിയിരുന്നു. അന്വേഷണ റിപ്പോർട്ടിൽ കണ്ടക്‌ടറുടെ ഭാഗത്തു നിന്നും കൃത്യവിലോപം ഉണ്ടായതായി വ്യക്തമായെന്നും മന്ത്രി പറഞ്ഞു.
ഗൗരവതരമായ പരാതി ഉയരുമ്പോൾ പൊലീസ് സ്റ്റേഷനിലെത്തി നിയമപരമായി നടപടി കൈക്കൊള്ളാനുള്ള ഉത്തരവാദിത്വം ട്രാൻസ്പോർട്ട് ജീവനക്കാർക്ക് ഉണ്ട്. കെഎസ്ആർടിസി ബസിലെ യാത്രക്കാർക്ക് വേണ്ട സംരക്ഷണം നൽകാൻ ജീവനക്കാർ ബാധ്യസ്ഥരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം-കോഴിക്കോട് സൂപ്പർ ഡീലക്സ് ബസിൽ എറണാകുളത്തിനും തൃശൂരിനുമിടയിൽ വച്ചാണ് അധ്യാപികയ്ക്ക് നേരെ അതിക്രമം ഉണ്ടായത്. മോശം അനുഭവം ഉണ്ടായ ശേഷം കണ്ടക്‌ടറോട് പരാതി പറഞ്ഞിട്ടും കൃത്യമായ നടപടി സ്വീകരിക്കാൻ തയാറായില്ലെന്നായിരുന്നു യുവതിയുടെ പരാതി. അതിക്രമം നടത്തിയ സഹയാത്രികനെതിരെ സംഭവ ദിവസം തന്നെ പൊലീസ് കേസെടുത്തിരുന്നു.