തിരുവനന്തപുരം: കിളിമാനൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മാതാവ് അറസ്റ്റിലായതിന് പിന്നാലെ മകനും അറസ്റ്റിലായി. കരവാരം വില്ലേജിൽ ചാത്തൻപാറയിൽ നൗഷാദിൻ്റെ മകൻ ഷിയാസ് (24) ആണ് അറസ്റ്റിലായത്. ലൈംഗികപീഡനത്തിന് വീട്ടിൽ ഒത്താശയും സഹായവും ചെയ്തുകൊടുത്ത ഒന്നാം പ്രതിയുടെ മാതാവ് തവക്കൽ മൻസിലിൽ നൗഷാദിൻ്റെ ഭാര്യ നിസയെന്ന ഹയറുന്നിസയെ ഒരാഴ്ച മുൻപാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ ഒന്നാം പ്രതി ഷിയാസിനെയാണ് പൊലീസ് പിടികൂടിയത്.
പ്രായപൂർത്തിയാകാത്ത ബന്ധുവായ പെൺകുട്ടിയെ ഒന്നാം പ്രതി ഷിയാസിനെ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് പ്രതികൾ താമസിക്കുന്ന സ്ഥലത്തേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. വഞ്ചിക്കപ്പെട്ടെന്നറിഞ്ഞ പെൺകുട്ടി തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ചെന്നൈ എയർപോർട്ടിൽ നിന്നും അബുദാബിയിലുള്ള സഹോദരൻ്റെ അടുത്തേക്ക് ഒളിവിൽ പോകുന്നതിനുള്ള ശ്രമത്തിനിടയിലാണ് പ്രതിയെ പിടികൂടിയത്. കിളിമാനൂർ പൊലീസ് ഇൻസ്പെക്ടർ കെ ബി മനോജ് കുമാറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും