തിരുവനന്തപുരം: അട്ടക്കുളങ്ങരയിൽ പെൺകുട്ടിയെ അമ്മയുടെ മുന്നിൽവച്ച് ലൈംഗികമായി ആക്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. തമിഴ്നാട് തിരുവന്തൂർ സ്വദേശി ശിഹാബുദ്ദീൻ (27) ആണ് അറസ്റ്റിലായത്. ഏപ്രിൽ 10നായിരുന്നു കേസിന് ആസ്പദമായ സംഭവം.
കൊല്ലം പുനലൂർ സ്വദേശികളായ അമ്മയും 24 വയസുള്ള മകളും രാമചന്ദ്രയിൽ എത്തിയതായിരുന്നു. കടയില്‍ നിന്നും സാധനം വാങ്ങി അമ്മയും മകളും റോഡ് മുറിച്ച് കടക്കുന്നതിനിടയില്‍ പ്രതി പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നു. തമിഴ്നാട് സ്വദേശിയായ ശിഹാബുദ്ദീൻ തിരുവനന്തപുരത്ത് ജ്വല്ലറി ജീവനക്കാരനാണ്.
അന്വേഷണം പുരോഗമിക്കുന്നതിനിടെ പൊലീസിന് കിട്ടിയ രഹസ്യ വിവരത്തിനനുസരിച്ചാണ് തിരുവനന്തപുരം ചാലയിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. വൈകുന്നേരം ഏഴ് മണിയോടുകൂടിയാണ് ശിഹാബുദ്ദീനെ പിടികൂടിയത്. ഐപിസി സെക്ഷൻ 364 പ്രകാരമാണ് പ്രതിക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. നടപടികൾക്ക് ശേഷം പ്രതിയെ റിമാൻഡ് ചെയ്യും.
സഹോദരിപുത്രിയെ പീഡനത്തിനിരയാക്കി 40കാരന്: അതേസമയം, സഹോദരിപുത്രിയായ 10 വയസുകാരിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതിനെ തുടര്‍ന്ന് കുട്ടിയുടെ മാതൃസഹോദരന്‍ അറസ്റ്റിലായിരുന്നു. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലായിരുന്നു സംഭവം. 40കാരനായ വ്യക്തി 10 വയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയെന്നായിരുന്നു പരാതി.
പൂനെയില്‍ ജോലി ചെയ്തുവരികയായിരുന്ന ഇയാള്‍ ഏപ്രില്‍ എട്ടിന് സഹോദരിയുടെ വീട്ടിലെത്തി. തുടര്‍ന്ന് രാത്രിയോടെ പെണ്‍കുട്ടിയുടെ മൂക്കും വായയും അടക്കിപ്പിടിച്ച് മുറിയിലേയ്ക്ക് കൊണ്ടുപോവുകയായിരുന്നു. കുട്ടിയെ ക്രൂരമായ ബലാത്സംഗത്തിനിരയാക്കിയ ശേഷം രാത്രി തന്നെ ഇയാള്‍ സ്ഥലം വിട്ടിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടി വിവരം അമ്മയെ അറിയിക്കുകയായിരുന്നു. പ്രതി സഹോദരനായതിനാല്‍ തനിക്കെതിരെ പരാതി നല്‍കില്ലെന്നായിരുന്നു ഇയാള്‍ കരുതിയിരുന്നത്. മകള്‍ക്ക് നേരിട്ട മോശം അനുഭവത്തെക്കുറിച്ച് അമ്മ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് പ്രതിക്കെതിരെ പോക്സോ നിയമത്തിലെ 376(എ), 377,376(ഐ) എന്നവയും ഉപ വകുപ്പുകളായ നാല്, ആറ്, എട്ട് തുടങ്ങിയവ പ്രകാരവും പൊലീസ് കേസെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു.
വിദ്യാര്‍ഥിനിയെ മദ്യം നല്കി പീഡിപ്പിച്ചു: അടുത്തിടെ പൂനെയില്‍ കോളജ് വിദ്യാര്‍ഥിനിയെ സുഹൃത്തുക്കളുടെ സഹായത്തോടെ മദ്യം നല്കി ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നു. ലാതുര്‍ കോളജില്‍ പഠിക്കുന്ന 16കാരിയേയായിരുന്നു പെണ്‍സുഹൃത്തുക്കളുടെ സഹായത്തോടെ ഓട്ടോറിക്ഷ ഡ്രൈവര്‍ ബലാത്സംഗത്തിന് ഇരയാക്കിയത്. പെണ്‍കുട്ടി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അഞ്ചുപേര്‍ക്കെതിരെ പോക്സോ നിയമം ഉള്‍പെടെ ചുമത്തി പൊലീസ് കേസെടുത്തു.
ജനുവരി 18 ബുധനാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലാതൂര്‍ സിറ്റിയില്‍ താമസിക്കുന്ന പെണ്‍കുട്ടി പതിവുപോലെ കോളജിലേക്ക് പുറപ്പെട്ടു. ഉച്ച സമയത്ത് കാന്റീനില്‍ ഇരിക്കുകയായിരുന്ന വിദ്യാര്‍ഥിനിയെ മൂന്ന് പെണ്‍സുഹൃത്തുക്കള്‍ പാര്‍ട്ടിയിലേയ്ക്കെന്ന് അറിയിച്ച് അംബോജോഗൈ റോഡിന് സമീപമുള്ള ആളൊഴിഞ്ഞ പറമ്പിലെത്തിച്ചു.
പീഡനത്തിന് കൂട്ടുനിന്നത് സുഹൃത്തുക്കള്‍: തുടര്‍ന്ന് സുഹൃത്തുക്കളില്‍ ഒരാള്‍ തന്റെ ഭര്‍ത്താവിനെ ഫോണിലൂടെ അവിടേയ്ക്ക് ക്ഷണിക്കുകയും ഇതുപ്രകാരം സുഹൃത്തിന്റെ ഭര്‍ത്താവും ഓട്ടോറിക്ഷ ഡ്രൈവറും സംഭവ സ്ഥലത്ത് എത്തുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ പെണ്‍കുട്ടിയെ മദ്യം നല്കി പീഡിപ്പിക്കുകയായിരുന്നു.
പീഡനശ്രമം പെണ്‍കുട്ടി ചെറുത്തതോടെ ഇയാള്‍ കൊലപ്പെടുത്തുമെന്ന ഭീഷണിയും മുഴക്കി. ഈ സമയം പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഭര്‍ത്താവും സ്ഥലം വിടുകയായിരുന്നു. വൈകുന്നേരം ആറു മണിയോടെ പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ നിന്ന് ഇറക്കിവിട്ട് പ്രതി രക്ഷപെട്ടു.
തുടര്‍ന്ന് ബോധം തിരിച്ചുകിട്ടിയ പെണ്‍കുട്ടി സ്വമേധയാ നഗരത്തിലെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.